സിനിമാതാരങ്ങളുടെ റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍; അയ്യപ്പന്‍ തന്റെ മൂത്ത സഹോദരന്‍., ഭഗവാന്റെ ചെമ്പിന് കണക്ക് എടുക്കട്ടെ: സുരേഷ് ഗോപി

പാലക്കാട്: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. അയ്യപ്പന്‍ മൂത്ത സഹോദരനാണെന്നും ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും സുരേഷ് ഗോപി പറഞ്ഞു. ”അയ്യപ്പന്‍ ഒരു മനുഷ്യനാണ്, എന്റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍. ചെമ്പ് സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ചെത്തല്ലൂരില്‍ നന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പ്രിഥ്വിരാജിന്റെയും വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിനെതിരെ രംഗത്ത് വരുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കിക്കളയാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഗിമ്മിക്കാണ് സിനിമാ നടന്‍മാരുടെ വീടുകളിലെ റെയ്ഡ്. ശബരിമല വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നതെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. അതിനെ കുറിച്ച് എന്‍.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഇരുന്ന് ഒന്നും പറയുന്നില്ലെന്നും പിണറായി സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്നത് മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നു കൊണ്ടിരിക്കുന്നതെന്നു കൂടി സുരേഷ് ഗോപി പറയുന്നുണ്ട്. കഥകള്‍ ഇനിയും ഒരുപാട് വരാനുണ്ടത്രേ.

ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് എത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യം കസ്റ്റംസും ഇപ്പോള്‍ ഇഡിയും നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്., ബുധനാഴ്ച ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളടക്കം 17 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ദുല്‍ഖര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ പണം നല്‍കിയാണ് തങ്ങള്‍ വാഹനം വാങ്ങിയതെന്ന് താരങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുമുണ്ട്. പക്ഷേ, വാഹനങ്ങള്‍ ആരാണ് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. ഇത് അവിടെ നിന്ന് എങ്ങനെ മറ്റിടങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിലൊന്നും ഇഡിക്കോ കസ്റ്റംസിനോ മറുപടിയില്ല. ചലച്ചിത്ര താരങ്ങള്‍ക്കു പുറമെ, ഭൂട്ടാന്‍ വഴി കടത്തിക്കൊണ്ടു വന്നതെന്നു കരുതുന്ന വാഹനങ്ങള്‍ വാങ്ങിയവരുമായി ബന്ധപ്പെട്ടാണു മറ്റു റെയ്ഡുകളും നടന്നത്. അപ്പോഴും ഈ വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്നെത്തിച്ച് മറ്റിടങ്ങൡലേക്ക് കൈമാറ്റം ചെയ്യുന്ന സംഘം കാണാമറയത്ത് ഇരിക്കുകയാണ്. ഇതുതന്നെയാണ് കസ്റ്റംസിുന്റെയും ഇഡിയുടെയും നീക്കങ്ങള്‍ സംശയത്തിലാക്കുന്നതും.

ഈ വിവാദം അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ മറ്റുചില പരാമര്‍ശങ്ങള്‍ കൂടി പരിശോധിച്ചു പോകാം. പാലക്കാടിനെ അന്നപാത്രം എന്നു വിശേഷിപ്പിച്ചു കൊണ്ട് സുരേഷ് ഗോപി നടത്തിയ മറ്റൊരു പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. കഴിഞ്ഞയാഴ്ച കഞ്ഞിപാത്രം പരാമര്‍ശം വിവാദത്തിലായത് കൂടി ചൂണ്ടിക്കാട്ടി അന്ന പാത്രം എന്നു പറഞ്ഞത് ചില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല എന്നായിരുന്നു ചെത്തലൂരില്‍ നടന്ന കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞി പാത്രം മാത്രമേയുള്ളൂ കേരളമേ. സമ്പന്നവര്‍ഗം കൂടി മനസ്സിലാക്കിക്കോളൂ എന്നു കൂടി പറഞ്ഞാണ് അന്നപാത്രം പരാമര്‍ശം സുരേഷ് ഗോപി ഉറപ്പിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് ഇനി ഇടതുപക്ഷം കിറ്റുമായിവന്നാല്‍ അത് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കണം എന്നു കൂടി സുരേഷ് ഗോപി പറയുന്നുണ്ട്. ഇല്ലെങ്കില്‍ നിങ്ങളെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. പ്രജകള്‍ എന്ന വാക്കും വീണ്ടും ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി. ഇത് പ്രജാരാജ്യമാണെന്നും പ്രജകളാണ് ഇവിടെ രാജാക്കന്മാരെന്നും പറഞ്ഞ് തന്റെ വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുരേഷ് ഗോപി. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ടെന്ന് കൂടി അദ്ദേഹം പരിഹസിക്കുന്നുണ്ട്. നിവേദനം തന്നയാളെ അവഹേളിച്ചില്ല എന്ന് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നു. അത് അവരുടെ വ്യാഖ്യാനം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

നേരത്തെ, തൃശൂര്‍ ഇരിങ്ങാലക്കുടയിലും പുള്ളിലും നടന്ന കലുങ്ക് സഭകളും വിവാദമായിരുന്നു. ഇരിങ്ങാലക്കുടയില്‍ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയായിരുന്നു വിവാദമായത്. കരുവന്നൂര്‍ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. പുള്ളിലെ കലുങ്ക് സഭയില്‍ വയോധികന്റെ അപേക്ഷ വാങ്ങാതെ മടക്കി അയച്ചതും വിവാദമായി.

 

Scroll to Top