ഷാഫി പറമ്പിലിനെതിരായ അക്രമം; സിപിഐഎം തിരക്കഥയില്‍ പൊലീസ് അഭിനയിക്കുന്നു; അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം: ഡിസിസി അധ്യക്ഷന്‍

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐഎമ്മിന്റെ പുതിയ തിരക്കഥ അന്വേഷണം വഴിതിരിച്ചു വിടാനാണെന്ന് ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍ കുമാര്‍. പൊലീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു എന്നാണ് പുതിയ കഥ. സംഭവസ്ഥലത്ത് പൊലീസ് കൊണ്ടുവന്നതല്ലാത്ത സ്‌ഫോടക വസ്തു ഉണ്ടോ എന്ന് പരിശോധിക്കണം. സിപിഐഎം എഴുതുന്ന തിരക്കഥയില്‍ അഭിനയിക്കുകയാണ് പൊലീസ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ ആരോപണമാണ് പൊലീസ് ഏറ്റെടുക്കുന്നത്. സ്‌ഫോടകവസ്തു എന്ന പേരില്‍ മൂന്നാം ദിവസമാണ് പോലീസ് കേസെടുത്തത്. സിപിഎം തിരക്കഥയില്‍ പോലീസ് അഭിനയിക്കുകയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ കാണുന്നത് പോലീസ് തന്നെ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും പ്രവീണ്‍ കുമാര്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കൊല്ലം സ്വദേശി ഷംനാദ് അബ്ദുള്‍ റഷീദ്, കോഴിക്കോട് സ്വദേശി മോമി കെ.കെ. എന്നിവര്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് കേസ് എടുത്തത്. പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണു വത്സന്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്. സാമൂഹിക മാധ്യമങ്ങളില്‍ വിഷ്ണു വത്സന്റെ ഫോട്ടോ സഹിതം പ്രചരിപ്പിച്ച് ക്രിമിനല്‍ ആണെന്ന് പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.

Scroll to Top