
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ ചുമതലയും പദവിയും നല്‍കി. ചാണ്ടി ഉമ്മനെ ടാലന്റ് ഹണ്ട് നോഡല്‍ കോ-ഓര്‍ഡിനേറ്റാക്കി എഐസിസി നിയമിച്ചു. അരുണാചല്‍പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് എഐസിസി പുറത്തിറക്കി.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍നിന്ന് മുന്നറിയിപ്പുകള്‍ കൂടാതെ പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ പരസ്യമായ അതൃപ്തി വ്യക്തമാക്കിയിരുന്നു. വിഷയം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെയാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ജോര്‍ജ് കുര്യനാണ് കേരളത്തിന്റെ ചുമതല. ഷമാ മുഹമ്മദിന് ഗോവയുടെ ചുമതലയും നല്‍കി.
അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതയുള്ള വ്യക്തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തില്‍ അബിനു വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ദിവസങ്ങള്‍ക്കു മുന്‍പ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെകൂടി അഭിപ്രായം പരിഗണിച്ചതിനു ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും കഴിഞ്ഞ വര്‍ഷം എന്റെ പിതാവിന്റെ ഓര്‍മദിനത്തില്‍ എന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കിയിരുന്നെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു.



