
സന്നിധാനം: നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല സന്നിധാനത്ത് സന്ദര്‍ശനം നടത്തി അയ്യപ്പനെ തൊഴുതു. ഇന്നു രാവിലെ 11.45നായിരുന്നു രാഷ്ട്രപതി സന്നിധാനത്തെത്തി പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. പമ്പയിലെത്തിയ രാഷ്ട്രപതി അവിടെ നിന്നും കെട്ടുനിറച്ചാണ് ശബരിമല കയറിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടിക്കെട്ടേന്തി മല കയറി. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് പിന്നില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു.
രാഷ്ട്രപതി പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മൂന്നുമണി വരെ വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിച്ചു.
രാഷ്ട്രപതി മാളികപ്പുറം ക്ഷേത്രത്തില്‍ തൊഴുതു നില്ക്കുന്ന ചിത്രം രാഷ്ട്രപതിഭവന് എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമര്‍ശന കമന്റുകള്‍ വന്നതോടെ ചിത്രം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ചു. ശബരിമല ദര്‍ശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാര്‍ഥം ഗവര്‍ണര്‍ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. മലകയറും മുന്‍പ് രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താന്‍ ത്രിവേണിയില്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു.



