തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍; ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രഖ്യാപിച്ചത് ഒന്നിലധികം ആനുകൂല്യങ്ങള്‍

|പിണറായി വിജയന്‍, മുഖ്യമന്ത്രി|

തിരുവനന്തപുരം: അടുത്തു വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചും സ്ത്രീ സുരക്ഷാ പദ്ധതി, സാക്ഷരതാ പ്രേരക്, ആശാ വര്‍ക്കര്‍ അടക്കമുള്ളവരുടെ ഓണറേറിയം വര്‍ധിപ്പിച്ചും വമ്പന്‍ ആനുകൂല്യ പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യവും പ്രഖ്യാപിച്ചു. നെല്ല് സംഭരണ വിലയും വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതാണ് പ്രഖ്യാപനങ്ങളിലെ ശ്രദ്ധേയം. സ്ത്രീ സുരക്ഷയ്ക്കു സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്കു നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വനിതകള്‍ അടക്കമുള്ള, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തിക സഹായം ലഭിക്കും. 35-60 വയസ്സുവരെയുള്ളവര്‍ പദ്ധതിയുടെ ഭാഗമാകും. നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവരെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. എ,എവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് മുന്‍ഗണനാവിഭാഗം, പിങ്ക് കാര്‍ഡ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ പദ്ധതിയുടെ ഭാഗമാകും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

 

Scroll to Top