
തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് രണ്ടുംകല്‍പിച്ച് ഗോദയിലേക്കിറങ്ങുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കോണ്‍ഗ്രസ് നടത്തിയിരുന്നു.
നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പേരുകളാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേത്തന്നെ 63 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 48 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇനി 23 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പത്ത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. മത്സരം ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.



