
ന്യൂഡല്‍ഹി: ഇന്ത്യയെ ലോകോത്തര സൂപ്പര്‍ പവര്‍ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍. ഇന്ത്യ ആഗോള സൂപ്പര്‍ പവറാണെന്നും രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തേക്കാളും ശക്തമാണെന്നും ഗിഡിയന്‍ സാര്‍ പറഞ്ഞു. പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, വ്യാപാരം വരെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം നീളുന്നുവെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഗിഡിയന്‍ സാര്‍ വ്യക്തമാക്കി.
”ഇന്ത്യയുടെ സൗഹൃദത്തിനു ഞങ്ങള്‍ നന്ദിയുള്ളവരാണ്. പ്രതിരോധ സഹകരണത്തില്‍ ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ തയാറെടുക്കുകയാണ്. പ്രതിരോധം, കൃഷി, സമ്പദ്വ്യവസ്ഥ എന്നിവയില്‍ ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. അത് കൂടുതല്‍ ശക്തമാക്കാനുള്ള അഭിനിവേശം ഞങ്ങള്‍ക്കുണ്ട്” ഗിഡിയന്‍ സാര്‍ പറഞ്ഞു.
ഒക്ടോബര്‍ 7 എന്ന ഭയാനകമായ ദിവസം പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച ആദ്യത്തെ ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വസ്തുത ഞങ്ങള്‍ മറക്കില്ല. ഇന്ത്യ ഞങ്ങള്‍ക്കൊപ്പം നിന്നു. അത് ഞങ്ങള്‍ ഓര്‍ക്കും. ഭീകരതയുടെ വേദനയും അനുഭവവും ഇന്ത്യയും ഇസ്രയേലും പങ്കിടുന്നുണ്ട്. എല്ലായിടത്തും ഭീകരതയുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതിന്റെ ഭീകരത അറിയാം. ഇസ്രയേലിനേക്കാള്‍ ഭീകരതയെ നേരിടുന്ന അനുഭവം ഒരു രാജ്യത്തിനുമില്ല, പ്രതിരോധത്തിനും രഹസ്യാന്വേഷണ പങ്കിടലിനും പുതിയ ചട്ടക്കൂടുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഗിഡിയന്‍ സര് പറഞ്ഞു.



