കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ രണ്ടുഘട്ടമായി.? പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ., ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍

|REPRESENTATIVE IMAGE|

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ നടന്നേക്കുമെന്ന് വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണലും പൂര്‍ത്തിയാകും. ഡിസംബര്‍ 20ഓടെ പുതിയ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ അധികാരത്തില്‍ കയറണമെന്നതു കൊണ്ടാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കും.

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കളത്തിലിറങ്ങി.

ഭരണത്തുടര്‍ച്ച കിട്ടിയ സര്‍ക്കാരിന്റെ സാന്നിധ്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും കൂട്ടുന്നത്. ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പും എത്തും. ഇനിയൊരു ഭരണത്തുടര്‍ച്ച താങ്ങാനാവില്ലെന്ന വാശിയിലാണ് യുഡിഎഫ്. ഒരു തുടര്‍ച്ച കൂടി നേടി പുതു ചരിത്രം ചമയ്ക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. ഭാവി കേരളത്തില്‍ തങ്ങള്‍ നിര്‍ണായക ശക്തിയെന്നു തെളിയിക്കാനുള്ള നെട്ടോട്ടമാണ് എന്‍ഡിഎ നടത്തുന്നത്. മൂന്ന് മുന്നണികളും കൃത്യമായ രൂപരേഖ തയ്യാറാക്കിയാണ് മത്സരരംഗത്തെത്തുന്നത്.

നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. അവിടെ നിന്ന് പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച തീര്‍ക്കുകയാണ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടങ്ങളുടെ ആത്മവിശ്വാസവുമായി വേണം യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാന്‍. തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ടാകില്ല. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ സജീവമാകും.

Scroll to Top