
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 101 സീറ്റില്‍ 93 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മേയര്‍ ആര്യാ രാജേന്ദ്രനെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സിപിഐഎമ്മിന്റെ മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ട്. ഇവരില്‍ ആരെങ്കിലും മേയര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. ഇതില്‍ ഒരാള്‍ മുന്‍ മേയറുമാണ്. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ളത്.
കുന്നുകുഴിയില്‍ ഐ.പി.ബിനുവും വഴുതക്കാട് രാഖി രവികുമാറും പേട്ടയില്‍ എസ്.പി.ദീപക്കും മത്സരിക്കും. വിളപ്പില്‍ ഏരിയ സെക്രട്ടറി ആര്‍.പി.ശിവജി, വഞ്ചിയൂര്‍ എരിയ സെക്രട്ടറിയും മുന്‍ മേയറുമായ കെ.ശ്രീകുമാര്‍, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു എന്നിവരും മത്സരരംഗത്തുണ്ട്. ഇവരിലാരെങ്കിലും മേയര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് നിഗമനം. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനെതിരെ കവടിയാറില്‍ മുന്‍ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.സുനില്‍കുമാറാണ് മത്സരിക്കുന്നത്. ശാസ്തമംഗലത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ സിപിഎമ്മിലെ അമൃത.ആര്‍ മത്സരിക്കും. കൊടുങ്ങാന്നൂരില്‍ സിപിഎമ്മിന്റെ വി.സുകുമാരന്‍ നായരാണ് ബിജെപിയുടെ വി.വി.രാജേഷിന്റെ എതിരാളി.
എല്‍ഡിഎഫ് ഘടകകക്ഷികളില്‍ സിപിഐ-17, ജനതാദള്‍ എസ്-2, കേരളാ കോണ്‍ഗ്രസ് എം-3, ആര്‍ജെഡി-3, ഐഎന്‍എല്‍-1, കോണ്‍ഗ്രസ് എസ്-1, എന്‍സിപി-1, കേരളാ കോണ്‍ഗ്രസ് ബി-1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്-1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് സീറ്റുകള്‍ വിഭജനം നടത്തിയിട്ടുള്ളത്. യുഡിഎഫും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോര്‍പറേഷനില്‍ മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്.



