
മഞ്ചേശ്വരം: കാസര്‍ഗോഡ് ഉപ്പളയില്‍ വീടിന് നേര്‍ക്ക് അജ്ഞാതര്‍ വെടിവച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്. വെടിയുതിര്‍ത്തത് വീട്ടിലെ പതിനാലുകാരനായ വിദ്യാര്‍ത്ഥി തന്നെയാണെന്ന് തെളിഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബാലന്‍ സത്യം വെളിപ്പെടുത്തിയത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്ണും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലെത്തിയ നാലംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് പതിനാലുകാരന്‍ ആദ്യം പറഞ്ഞിരുന്നത്.
ഉപ്പള ഹിദായത്ത് നഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് പ്രവാസിയുടെ വീടിന് നേരേ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വീടിന്റെ ബാല്‍ക്കണിയിലെ ചില്ല് തകര്‍ന്നിരുന്നു. സംഭവസമയം ഇദ്ദേഹത്തിന്റെ ഇളയമകനായ 14-കാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റ് രണ്ടുമക്കളും വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോയതായിരുന്നു.
മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ശബ്ദംകേട്ടെന്നും പുറത്തേക്ക് നോക്കിയപ്പോള്‍ നാലംഗസംഘം കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നുമായിരുന്നു 14-കാരന്റെ മൊഴി. തുടര്‍ന്ന് പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. ഇതിനുപിന്നാലെ 14-കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ദുരൂഹത നീങ്ങിയത്. വീട്ടില്‍ ആരുമില്ലാത്തസമയം എയര്‍ഗണ്‍ ഉപയോഗിച്ച് താന്‍ തന്നെ വെടിവെച്ചതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.



