ശബരിമല സ്വര്‍ണക്കവര്‍ച്ച; എല്ലാവരെയും വെട്ടിലാക്കി പത്മകുമാറിന്റെ മൊഴി; തീരുമാനം ഒറ്റയ്ക്കല്ല; എല്ലാം ഭരണസമിതി അറിഞ്ഞ്.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും എല്ലാം പ്രതിക്കൂട്ടിലാക്കി മുന്‍ പ്രസിഡണ്ട് എ.പത്മകുമാറിന്റെ മൊഴി. ശബരിമലയിലെ കാര്യങ്ങള്‍ താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും, ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും പത്മകുമാര്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പോറ്റിയെ കൊണ്ടുവന്നത് താനല്ല. താന്‍ വരുന്നതിനു മുന്‍പ് തന്നെ പോറ്റി സന്നിധാനത്തുണ്ട്. ശബരിമലയിലെ നിത്യസന്ദര്‍ശകനായിരുന്ന പോറ്റിയെ അറിയാം. മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കും പോറ്റിയെ പരിചയമുണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തില്‍ എടുത്തതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ട്. പത്മകുമാറിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചാര്‍ജ് എടുക്കുന്നതിനു മുന്‍പു തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കട്ടിളപ്പാളികള്‍ നല്‍കാന്‍ ഉത്തരവായെന്നു പ്രതിഭാഗം വാദിച്ചെങ്കിലും കൈമാറ്റം നടന്നപ്പോള്‍ മഹസര്‍ തയാറാക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നു കോടതി വിലയിരുത്തി. ഗൂഢാലോചനയില്‍ മുരാരി ബാബുവിനു സജീവ പങ്കുണ്ടെന്നും മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.

Scroll to Top