വധശിക്ഷയ്ക്കു പുറമേ ഷെയ്ഖ് ഹസീനയ്ക്ക് കൂടുതല്‍ കേസുകളില്‍ ശിക്ഷ; മൂന്ന് അഴിമതിക്കേസുകളില്‍ കൂടി ശിക്ഷ വിധിച്ചു., മകനും മകളും ജയിലിലേക്ക്

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കുരുക്കായി മൂന്ന് കേസുകളില്‍ കൂടി ശിക്ഷ. വധശിക്ഷയ്ക്കു പിന്നാലെ മൂന്ന് വ്യത്യസ്ത അഴിമതിക്കേസുകളിലും ഹസീനയ്ക്ക് കോടതി ശിക്ഷ വിധിച്ചു. പൂര്‍ബാചലിലെ രാജുക് ന്യൂ ടൗണ്‍ പ്രോജക്ടിനു കീഴില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളില്‍ ആകെ 21 വര്‍ഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിനു ശിക്ഷിച്ചത്. നേരത്തെ ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്ക് അഞ്ചു വര്‍ഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകള്‍ സൈമ വാസിദ് പുതുലിനും അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മിഷന്‍ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ ആറ് കേസുകളായിരുന്നു ഫയല്‍ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളില്‍ ഡിസംബര്‍ ഒന്നിന് വിധി പറയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2024 ജൂലായിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റംകൃത്യം ചെയ്തെന്ന കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചത്. ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നല്‍കിയ അഭ്യര്‍ഥന പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Scroll to Top