രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണച്ചുമതല എസിപി വി.എസ് ദിനരാജിന്; സത്യസന്ധമായ അന്വേഷണം ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല. സ്പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുവതിക്ക് ഉറപ്പുനല്‍കി. കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെയും രൂപീകരിക്കും. ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി ഡിജിറ്റല്‍ തെളിവുകളടക്കം കൈമാറിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് നേമം പൊലീസിന് കൈമാറി.

ഇന്നലെ യുവതി പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നിടത്ത് വച്ച് ബലാല്‍സംഗം നടന്നെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ആദ്യത്തെ പീഡനം നടന്നത് മാര്‍ച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ലാറ്റിലും വച്ച് ബലാല്‍സംഗം ചെയ്തു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശേഷം പാലക്കാട്ടെ ഫ്‌ളാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തതായും പറയുന്നു.

യുവതി ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമായി. അങ്ങനെയാണ് ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പ്രേരിപ്പിച്ചത്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. മേയ് 30നാണ് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നല്‍കിയത്,. അന്നത് ജോബിയുടെ കാറില്‍ വച്ചാണ് കഴിപ്പിച്ചത്. മരുന്നു കഴിച്ചെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തുകയും ചെയിതു. ജോബിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം തുടങ്ങിയ കേസുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ചുമത്തിയ വകുപ്പുകള്‍ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തിലിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കുന്ന കുറ്റങ്ങളാണ്. ഭാരതീയ ന്യായ സന്‍ഹിതയിലെ 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66 സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.

കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ പരാതിയെന്നാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കേസിന് പിന്നില്‍ ബിജെപി സിപിഐഎം കൂട്ടുകെട്ടാണെന്നും നടന്നത് ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും രാഹുലിന്റെ ജാമ്യഹര്‍ജിയിലുണ്ട്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് പറത്തി നല്‍കിയത് അത് വ്യക്തമാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

Scroll to Top