
ടെല്‍ അവീവ്: തനിക്കെതിരെ നടക്കുന്ന അഴിമതിക്കേസുകളില്‍ പ്രസിഡണ്ടിന് മാപ്പപേക്ഷ നല്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനാണ് മാപ്പപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരായ അഴിമതിക്കേസുകള്‍ രാജ്യത്തെ കീറിമുറിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. തനിക്കെതിരായ ആറ് വര്‍ഷം നീണ്ട അഴിമതി വിചാരണ അവസാനിക്കുന്നത് ഇസ്രായേലിന്റെ ദേശീയ താല്‍പ്പര്യത്തിന് അനിവാര്യമാണെന്നും നെതന്യാഹു ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
‘ഇതൊരു അസാധാരണമായ അഭ്യര്‍ത്ഥനയാണെന്നും അതിന് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസിന് അറിയാം. പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും ലഭിച്ച ശേഷം, പ്രസിഡന്റ് ഉത്തരവാദിത്തത്തോടെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും നെതന്യാഹുവിന്റെ അപേക്ഷയില്‍ ഇസ്രയേല്‍ പ്രസിഡണ്ടിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക മാപ്പപേക്ഷ എത്തുന്നത്. എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനാകുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകുക എന്നതാണ് തന്റെ താല്‍പ്പര്യമെന്നും നെതന്യാഹു പറഞ്ഞു. ‘എന്നാല്‍ സുരക്ഷാപരവും നയതന്ത്രപരവും ദേശീയ താല്‍പ്പര്യങ്ങളും മറ്റൊന്നാണ് ആവശ്യപ്പെടുന്നതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നെതന്യാഹുവിന്റെ മാപ്പപേക്ഷ തള്ളണമെന്ന് ഇസ്രയേലിലെ പ്രതിപക്ഷം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദീര്‍ഘകാലമായുള്ള അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. ‘കുറ്റസമ്മതം, ഖേദപ്രകടനം, രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള ഉടനടി വിരമിക്കല്‍ എന്നിവയില്ലാതെ പ്രസിഡന്റിന് നെതന്യാഹുവിന് മാപ്പ് നല്കാന് കഴിയില്ല’-ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് പറഞ്ഞു.



