
ചെന്നൈ: തമിഴ്നാട്ടില്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച ബസ്സുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരുക്കേറ്റു,. ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപമാണ് രണ്ട് തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ചത്. പിള്ളയാര്‍പ്പട്ടിയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ബസുകളില്‍ ഒന്ന് തിരുപ്പൂരില്‍ നിന്ന് കാരൈക്കുടിയിലേക്കും മറ്റൊന്ന് കാരൈക്കുടിയില്‍നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്നു.
മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. ബസിന്റെ തകര്‍ന്ന ഗ്ലാസിന്റെ ഭാഗത്തിലൂടെ ഒരു സ്ത്രീ പുറത്തേക്ക് ചാടുന്നതും മറ്റൊരു സ്ത്രീ രക്തം വാര്‍ന്ന് നിലത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടകാരണം വ്യക്തമല്ല. കഴിഞ്ഞയാഴ്ച തെങ്കാശി ജില്ലയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 8 പേര് മരിച്ചിരുന്നു.



