
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ രണ്ടാമത്തെ യുവതി കൊടുത്ത പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും രാഹുലിന് ആശ്വാസം. രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയില്‍ സമര്‍പിക്കപ്പെട്ട മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരും വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിശദമായ വാദം കേട്ടു. ബുധനാഴ്ചയാണ് മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.
ഈ കേസില്‍ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് തടയണമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍, ആ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍, ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധിത നിയമനടപടികള്‍ പാടില്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. ഇതോടെ പൊലീസിന് രാഹുലിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
നേരത്തേ ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരിയുടെ മൊഴി ഉള്‍പ്പെടെയുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ശാരീരികമായി പരിക്കേല്‍പ്പിച്ചെന്നും നിരന്തരം ശല്യംചെയ്‌തെന്നുമാണ് പരാതിക്കാരിയുടെ മൊഴി.



