
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് 260-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട വിമാനദുരന്തം നടന്ന് ആറുമാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണ്. ഇതുവരെ അപകടം സംബന്ധിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ ഒരു ഉത്തരം നല്കാന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. അപകടം നടന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഒരു പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ അപകടവുമായി ബന്ധപ്പെട്ട മറ്റു വിശദീകരണങ്ങളൊന്നും എവിടെ നിന്നും ലഭിച്ചിട്ടില്ല.
എഎഐബിയുടെ ഈ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രമാണെന്നും പറന്നുയര്‍ന്ന് 32 സെക്കന്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പക്ഷികള്‍ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അപകടത്തില്‍ ഒരു അന്വേഷണവും ഇതുവരെ നടന്നില്ല.
അതേസമയം എഎഐബി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചയുടന്‍ തന്നെ ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നു. പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള സംഭാഷണങ്ങള്‍ ഒരു തെളിവായി കാണനാവില്ലെന്നും പൈലറ്റ് അസോസിയേഷന് വ്യക്തമാക്കി. വിമാനത്തിലോ അതിന്റെ എഞ്ചിനുകളിലോ യാതൊരു നിയന്ത്രണ നടപടികളും ആ ഘട്ടത്തില്‍ എഎഐബി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും പൈലറ്റ് അസോസിയേഷന് ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തില്‍ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്കര്‍ രാജ് സബര്‍വാള്‍ സുപ്രീംകോടതി ഹര്‍ജി നല്‍കിയിരുന്നു.
ജൂണ്‍ 12നാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നു വീണ സമീപത്തെ ഹോസ്റ്റലിലെ അന്തേവാസികള്‍ അടക്കം അന്ന് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.



