
ശ്രീനഗര്‍: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ആസ്ഥാനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൈനീസ് നിര്‍മിത റൈഫിള്‍ സ്കോപ്പ് കിട്ടിയ സംഭവത്തില്‍ അന്വേഷണം. സ്നൈപ്പര്‍ തോക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലുള്ള സ്കോപ്പാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കിട്ടിയത്. ജമ്മു കശ്മീരിലെ എന്‍ഐഎ ആസ്ഥാനത്തിന് സമീപം ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം.
ആറ് വയസ്സുള്ള ഒരു ആണ്‍കുട്ടിക്കാണ് മാലിന്യ കൂമ്പാരത്തില്‍ നിന്ന് റൈഫിള്‍ സ്കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും. സംഭവത്തില്‍ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.



