തെരഞ്ഞെടുപ്പില്‍ തോറ്റതിന് സിപിഎം അസഹിഷ്ണുത കാണിക്കുന്നു; ജനഹിതം അംഗീകരിക്കാതെ കോടതിയിലേക്ക്

സിപിഐഎമ്മിനെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാനല്ല, തോറ്റെന്ന് അവരെ വിശ്വസിപ്പിക്കാനാണ് പാടെന്ന് പൊതുവേ സിപിഐഎമ്മിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളാണ്. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം നടത്തുന്ന രാഷ്ട്രീയക്കളികള്‍ കാണുമ്പോഴും ഓര്‍മ വരുന്നത് അതാണ്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനെതിരെ സിപിഐഎം കോടതിയിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്ത കാണുമ്പോള്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന് സിപിഎം എന്തിന് ഇത്ര അസഹിഷ്ണുത കാണിക്കുന്നു എന്നാണ് തോന്നുന്നത്. 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ, ചട്ടം ലംഘിച്ചാണെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നിട്ടും മേയര്‍ തെരഞ്ഞെടുപ്പ് നടന്നതിനെതിരെയാണ് സിപിഎം ഇപ്പോള്‍ കോടതിയിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പുകളില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. ജനഹിതം എതിരായാല്‍ പ്രതിപക്ഷത്തിരിക്കുക എന്നതാണ് ജനാധിപത്യ മര്യാദ. എന്നാല്‍, ഇത് മനസ്സിലാകാത്തത് കേരളത്തിലെ സിപിഎം നേതൃത്വത്തിനാണെന്ന് തോന്നിപ്പോകുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഐഎമ്മിന്റെ കഴിഞ്ഞ കാലങ്ങളിലെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ ഇക്കുറി ബിജെപിക്ക് വോട്ട് നല്‍കി വിജയിപ്പിച്ചത്. 28 സീറ്റുള്ള സിപിഎമ്മിന് രണ്ടാംസ്ഥാനമാണ് കോര്‍പ്പറേഷനില്‍. എതിരായ ജനഹിതം മാനിച്ച് പ്രതിപക്ഷത്തിരിക്കുക എന്നതാണ് സിപിഎമ്മിന് കാണിക്കാവുന്ന ജനാധിപത്യ മര്യാദ. പക്ഷേ, മറിച്ച് സിപിഎം ബിജെപിയുടെ വിജയത്തില്‍ അസഹിഷ്ണുത കാണിച്ച് തൊടുന്യായങ്ങള്‍ പറഞ്ഞ് തുടക്കം മുതല്‍ ഇടങ്കോലിടാനുള്ള ശ്രമങ്ങളാണ് കാണുന്നത്. ജനാധിപത്യ മര്യാദ അനുസരിച്ച് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ലഭിച്ച ബിജെപിയെ ഭരിക്കാന്‍ അനുവദിക്കുകയാണ് സിപിഎം ചെയ്യേണ്ടത്. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കാം. ഇല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ മൂലക്കിരുത്താന്‍ വോട്ട് ചെയ്യാം. അതിനായി പ്രചാരണം നടത്താം. അല്ലാതെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച ഒരു പാര്‍ട്ടിയെ ഭരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ അവരെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത് ഭൂഷണമല്ല. ഭരണപരമായി അവരെ വിമര്‍ശിക്കാനും എതിര്‍ക്കാനുമുള്ള അവസരവും കാരണവും ലഭിക്കുമ്പോള്‍ അതുപയോഗിച്ച് അവരെ വിമര്‍ശിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിനു വിമര്‍ശിക്കാം. അല്ലാതെ സത്യപ്രതിജ്ഞ ദൈവങ്ങളുടെ പേരിലായെന്ന് പറഞ്ഞ് എന്തിനെയും ഏതിനെയും കണ്ണടച്ച് എതിര്‍ക്കുന്ന പാരമ്പര്യം കാണിക്കുന്നത് ജനാധിപത്യത്തില്‍ നല്ല രീതിയല്ല.

മേയര്‍ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം കോടതിയിലേക്ക് നീങ്ങുന്നത്. ദൈവങ്ങളുടെ പേരിലും ബലിദാനിയുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നും അതുകൊണ്ട് മേയര്‍ വോട്ടെടുപ്പ് അസാധുവാക്കണമെന്നുമാണ് ആവശ്യം. സംഗതി ബിജെപി അംഗങ്ങള്‍ നടത്തിയത് മുനിസിപ്പല്‍ ചട്ടലംഘനമാണെങ്കിലും അതൊന്നും അത്ര ഗുരുതരമായ ചട്ടലംഘനമല്ല. കോടതിയില്‍ പോയാലും സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ വീണ്ടുംനടത്താന്‍ ഉത്തരവിടുകയായിരിക്കും കോടതി ചെയ്യുക. മുന്‍പും നടന്നിട്ടുള്ള ചരിത്രങ്ങള്‍ അങ്ങനെയാണ്. സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് കണ്ടെത്തിയാല്‍ അതുവരെ കൗണ്‍സിലില്‍ ഇരുന്ന അത്രയും ദിവസത്തിന് പിഴ അടയ്‌ക്കേണ്ടിയും വന്നേക്കും. അല്ലാതെ അതിന്റെ പേരില്‍ മറ്റൊരു മേയര്‍ വോട്ടെടുപ്പ് നടത്തുമോ എന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചട്ടം ലംഘിച്ച് നടത്തുന്നവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്. ഇതാണ് സിപിഎം കോടതിയില്‍ ചൂണ്ടിക്കാട്ടുന്നതും.

ബിജെപിയുടെ 20 കൗണ്‍സിലര്‍മാര്‍ വിവിധ ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയുടെ ഈ ചട്ടലംഘനത്തിനെതിരെ സിപിഐഎം പ്രതിഷേധിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ബലിദാനിയുടെ പേരില്‍ ഉള്‍പ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണമെന്നുമാണ് സിപിഐഎം നിലപാട്. യുഡിഎഫ് അംഗങ്ങള്‍ക്കെതിരെയും സിപിഐഎം സമാനമായ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കോടതി എന്ത് നിലപാടെടുക്കും എന്നാണ് അറിയേണ്ടത്.

തലസ്ഥാന നഗരത്തിന്റെ മേയര്‍ തെരഞ്ഞെടുപ്പില്‍ സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളാണ് സംഭവിച്ചത്. അവസാന നിമിഷം വരെ സാധ്യത കല്‍പിക്കപ്പെട്ട മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പേര് വെട്ടിയാണ് അവസാന നിമിഷം വി.വി രാജേഷിനെ മേയറായി തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഭരണംകിട്ടുന്ന നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ പരിചയമുള്ള ആളെ നിയോഗിക്കണമെന്ന ആര്‍എസ്എസിന്റെ നിര്‍ദേശത്തില്‍ തീരുമാനങ്ങളെല്ലാം മാറി മറിയുകയായിരുന്നു. സര്‍ക്കാരുമായും പ്രതിപക്ഷവുമായും സഹകരിച്ച് പോകാന്‍ ശേഷിയുള്ള ആളായിരിക്കണം എന്ന നിര്‍ദേശത്തില്‍ ശ്രീലേഖയോട് ആര്‍എസ്എസിന് എതിര്‍പ്പില്ലെങ്കില്‍ കൂടി രാഷ്ട്രീയമായ പ്രവര്‍ത്തി പരിചയം രാജേഷിന് ഗുണകരമായി. എന്നാല്‍ ബിജെപിയിലെ ശക്തരായ വിഭാഗത്തിന് രാജേഷിനോട് താത്പര്യമുണ്ടായിരുന്നില്ല. തുടക്കം മുതല്‍ രാജേഷിനെ മാറ്റിനിര്‍ത്താന്‍ ഇവര്‍ ശ്രമം നടത്തുകയും ചെയ്തു. കഴിഞ്ഞ തവണ കൗണ്‍സിലില്‍ ശക്തമായ പ്രതിപക്ഷമായി ബിജെപിയെ നയിച്ചത് രാജേഷായിരുന്നു എന്നതാണ് രാജേഷിന് മുന്‍തൂക്കം നല്‍കിയത്.

അതേസമയം, തിരുവനന്തപുരം മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. തന്റെ അതൃപ്തി ശ്രീലേഖ പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുമുണ്ട്. താന്‍ അപമാനിക്കപ്പെട്ടെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതാക്കള്‍ അടക്കം ഇടപെട്ട് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് കേള്‍വി. പുതിയ മേയര്‍ക്ക് ആശംസ പോസ്റ്റ് പോലും പങ്കുവെക്കാന്‍ ശ്രീലേഖ തയ്യാറായിരുന്നില്ല. ഇന്നലെ രാവിലെ മേയര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ശ്രീലേഖ മടങ്ങിയതും പ്രതിഷേധത്തിന്റെ ഭാഗമായി കരുതണം. അതിനു പിന്നാലെ മേയര്‍ വിവി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദര്‍ശിച്ചെങ്കിലും ശ്രീലേഖ വഴങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.

അതേസമയം ശ്രീലേഖയെ അനുനയിപ്പിക്കാന്‍ ശ്രീലേഖയ്ക്ക് പാര്‍ട്ടി ഭാരവാഹിസ്ഥാനങ്ങള്‍ക്കു പുറത്ത് ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കാന്‍ ആലോചിക്കുന്നുണ്ട്. മേയര്‍ പരിഗണനാ പട്ടികയില്‍ നിന്ന് പുറത്തായതില്‍ ശ്രീലേഖയ്ക്കുള്ള അതൃപ്തി പരിഗണിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. 2024 ഒക്ടോബറിലാണ് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നത്. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡണ്ടായ ശേഷം നടന്ന പുനഃസംഘടനയില്‍ അവരെ വൈസ് പ്രസിഡണ്ടുമാക്കി. മേയര്‍ ആരാകണമെന്നതിനൊപ്പം ആരായാലും അംഗീകരിക്കുമോ എന്നും കൗണ്‍സിലര്‍മാരോട് അഭിപ്രായം ചോദിച്ച ശേഷമാണ് മേയര്‍ സ്ഥാനത്തേക്ക് രണ്ടു പേരടങ്ങിയ പട്ടികയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രനേതാക്കളെ കാണാന്‍ പോയത്. എന്നാല്‍, രാഷ്ട്രീയരംഗത്ത് കൂടുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളയാള്‍ മേയറായാല്‍ മതിയെന്ന് ആര്‍എസ്എസ് നിലപാട് കടുപ്പിച്ചതോടെ ശ്രീലേഖയുടെ മോഹം കൂമ്പടഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. ഒപ്പം ബിജെപിക്ക് വിജയപ്രതീക്ഷയുള്ള നിയമസഭാമണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

ഇന്നലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് മേയര്‍ സ്ഥാനത്തേക്ക് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ രാജേഷിനുണ്ട്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍.പി ശിവജിക്ക് 29 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി. ഒപ്പ് ഇട്ടതിലെ പിഴവാണ് വോട്ട് അസാധുവാകാന്‍ കാരണം. കെആര്‍ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗണ്‍സിലിലെ മുതിര്‍ന്ന അംഗം കൂടിയാണ്. എന്തായാലും അവസാന നിമിഷം മേയര്‍ മോഹം കരിഞ്ഞുണങ്ങിയ ശ്രീലേഖയുടെ എതിര്‍പ്പും, സിപിഎം തുടക്കം മുതലേ സ്വീകരിക്കുന്ന ഇടങ്കോലിടലും ബിജെപിക്കുള്ളില്‍ തന്നെ മേയറായ രാജേഷിനോടുള്ള താത്പര്യക്കുറവും എല്ലാം കൂടി ആദ്യമായി കേരളത്തില്‍ ഒരു നഗരഭരണം ലഭിച്ച ബിജെപിയുടെ ഭരണത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

Scroll to Top