‘ഞങ്ങളില്‍ ആരും ബിജെപിയിലേക്ക് പോകില്ല; ചതിച്ചത് ഔസേഫ്’ എന്ന് മറ്റത്തൂരിലെ രാജിവച്ച കോണ്‍ഗ്രസ് അംഗങ്ങള്‍

തൃശ്ശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി ബിജെപിക്ക് ഒപ്പം ചേര്‍ന്നെന്ന വിവാദത്തില്‍ പ്രതികരിച്ച് രാജിവച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. മറ്റത്തൂരിലെ ഒരു കോണ്‍ഗ്രസ് അംഗം പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും തങ്ങള്‍ ബിജെപിയുമായി മുന്നണി ഉണ്ടാക്കിയിട്ടില്ലെന്നും രാജിവച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വവുമായുള്ള വിയോജിപ്പിനെത്തുടര്‍ന്നാണ് രാജിക്കത്ത് എഴുതിയതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കാന്‍ അപേക്ഷ നല്‍കിയ കെ.ആര്‍. ഔസേഫിനെയും ടെസി ജോസിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നോട്ടീസ് നല്‍കിയിരുന്നു. തങ്ങള്‍ ഔസേഫിനൊപ്പമാണെന്ന് ബോധ്യപ്പെടുത്താനാണ് അച്ചടക്ക നടപടി പിന്‍വലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഡിസിസിയെ അറിയിച്ചതെന്നാണ് നേതാക്കള്‍ പറയുന്നത്. കൂടാതെ ഈ കത്ത് വെച്ച് ഔസേഫ് തങ്ങളെ ചതിച്ചെന്നും രാജിവെച്ച മെമ്പര്‍മാര്‍ പറയുന്നു.

ഡിസിസി പ്രസിഡണ്ട് നടപടിയെടുത്ത കെ.ആര്‍. ഔസേഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയുമാണ് എട്ട് അംഗങ്ങള്‍ ഡിസിസിക്ക് നല്‍കാന്‍ കത്ത് തയ്യാറാക്കിയത്. ഔസേഫിനൊപ്പമാണ് തങ്ങളെന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു കത്തിന്റെ ഉദ്ദേശം. എന്നാല്‍, ഔസേഫിന് മാത്രമായി നല്‍കിയ കത്ത് ഏതു വിധേനയോ ചോര്‍ന്നെന്നും മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയുമായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യവും ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും അത് ഒരു മുന്നണി സംവിധാനമായിരുന്നില്ലെന്നും മെമ്പര്‍മാര്‍ പറഞ്ഞു. കെ.ആര്‍ ഔസേഫായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വെച്ച പ്രസിഡന്റ് സ്ഥാനാര്‍ഥി. അയാളെ സിപിഎം വിലക്കെടുത്തു. സിപിഎമ്മിനോടുള്ള വൈരാഗ്യത്താല്‍ ബിജെപി മെമ്പര്‍മാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതായിരിക്കുമെന്നും ഇവര്‍ പറയുന്നു.

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തത് വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, എന്‍ഡിഎ നാല്, യുഡിഎഫ് വിമതര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

Scroll to Top