പുതുവര്‍ഷത്തെ വരവേറ്റ് ലോകം; ആദ്യം പുതുവര്‍ഷമെത്തിയത് കിരിബാത്തിയില്‍; ലോകമെങ്ങും ആഘോഷം

സിഡ്‌നി ഹാര്‍ബര്‍ പാലത്തില്‍ പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍

ആഘോഷത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്. ന്യൂസിലന്‍ഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യന്‍ സമയം 4.30നാണ് ന്യൂസിലന്‍ഡില്‍ പുതുവര്‍ഷം പിറന്നത്.

ന്യൂസിലന്‍ഡിന്റെ ചാത്തം ദ്വീപിലെ 600-ഓളം പേരാണു 2026-നെ വരവേറ്റത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതിയ വര്‍ഷം പിറന്നു. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള സിഡ്നിയിലായിരുന്നു പുതുവര്‍ഷമെത്തിയത്. പിന്നാലെ ജപ്പാനിലും സൗത്ത് കൊറിയയിലും പുതവര്‍ഷം പിറന്നു.

ജനവാസ മേഖലകളില്‍ ഏറ്റവും ഒടുവില്‍ പുതുവര്‍ഷം പിറക്കുക അമേരിക്കന്‍ സമോവയിലായിരിക്കും. ജനവാസമില്ലാത്ത ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകളിലും പുതുവര്‍ഷം ഇതിനൊപ്പമെത്തും.

അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപാണ് കിരിബാത്തി. അതിനാലാണ് പുതുവര്‍ഷം ആദ്യം ഇവിടെയെത്തുന്നത്. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

Scroll to Top