
കൊച്ചി: മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74-ാമത്തെ വയസ്സില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുസ്ലിം ലിഗിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായിരുന്നു. രണ്ടുതവണ മന്ത്രിയുമായിട്ടുണ്ട്. മൃതദേഹം നാളെ ആലങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഇന്ന് വൈകുന്നേരം ആറുമണിക്ക് കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ച ശേഷം നാളെ രാവിലെ വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
മധ്യകേരളത്തില്‍ ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊരാളാണ് ഇബ്രാഹിംകുഞ്ഞ്. 2001, 2006 വര്‍ഷങ്ങളില്‍ മട്ടാഞ്ചേരിയില്‍ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം 2011ലും 2016ലും ജയം നേടിയത് കളമശേരിയില്‍ നിന്നാണ്. ഇതിനിടയില്‍ രണ്ടുതവണ മന്ത്രിയുമായി. 2001-2006 യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി.
എറണാകുളം ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം, സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇബ്രാഹിംകുഞ്ഞ്, പിന്നീട് യൂത്ത് ലീഗ്, ജില്ല ലീഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ലീഗിന്റെ ഉന്നതാധികാര സമിതി അംഗവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു.
നദീറയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ. മക്കള്‍: അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍, വി.ഇ. അബ്ബാസ് (ലണ്ടന്‍), വി.ഇ. അനൂപ്. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ബീരാന്‍ സഹോദരനാണ്.



