
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ.പി ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
എ.പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ഇദ്ദേഹം. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോര്‍ഡിലെത്തിയത്. അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചിരുന്നു. മകന് പൊലീസ് ഓഫിസര്‍ ആയതിനാല്‍, കേസില്‍ പ്രതിയായതു മുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് ആശുപത്രിയിലാണെന്നാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്.
കെ.പി.ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്ഐടി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശം അനുസരിച്ച് തീരുമാനിക്കും.



