വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകണം; ജനപ്രീതിയില്‍ മുന്നില്‍ സതീശന്‍; കേരളത്തില്‍ ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവി സര്‍വേ

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ എന്‍ഡിടിവി വോട്ട് വൈബ് സര്‍വേയില്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപ്രീതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതി ഇടിഞ്ഞതായും സര്‍വേ ഫലം തെളിയിക്കുന്നു.

51.9% പേര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേര്‍ വളരെ മോശം ഭരണമാണെന്നും 20.9% പേര്‍ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേര്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത് വളരെ മികച്ച ഭരണമാണെന്നും 10.7% പേര്‍ ഭരണം കൊള്ളാമെന്നും 11.8% പേര്‍ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% ആളുകള്‍ ഒരു അഭിപ്രായവും രേഖപ്പെടുത്തിയില്ല.

വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 22.4% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരാണ് അഭിപ്രായപ്പെട്ടത്. കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു. യുഡിഎഫിനെ 32.7% അനുകൂലിച്ചു. എല്‍ഡിഎഫിനെ 29.3 % പേരും എന്‍ഡിഎയെ 19.8% പേരും മറ്റുള്ളവരെ 3% പേരും അനുകൂലിച്ചു.

ഡേറ്റ അനാലിസസ് സ്ഥാപനമായ വോട്ട്വൈബുമായി ചേര്‍ന്ന് എന്‍ഡിടിവി തെരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും നടത്തുന്ന സര്‍വേയാണിത്. അമിതാഭ് തിവാരിയാണ് വോട്ട്വൈബ് കമ്പനിയുടെ പിന്നില്‍.

 

Scroll to Top