ജമാഅത്തെ ഇസ്ലാമി എന്താ മനുഷ്യരല്ലേ.? ആരുമായും ചര്‍ച്ച നടത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍; നല്ല മനസ്സ് തോന്നിയാല്‍ ലീഗിനോടും സഹകരിക്കും

ആലപ്പുഴ: ആരുമായും സഹകരിക്കാന്‍ എസ്എന്‍ഡിപി തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേണ്ടി വന്നാല്‍ ലീഗുമായും ജമാഅത്തെ ഇസ്ലാമിയുമായും സഹകരിക്കും. ജമാഅത്തെ ഇസ്ലാമി എന്താ മനുഷ്യരല്ലേ എന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. നല്ല മനസ്സ് തോന്നി ഞങ്ങളോട് സഹകരിക്കാന്‍ ലീഗിന് തോന്നിയാല്‍ അവരുമായും സഹകരിക്കും. എന്തിനാണ് വിരോധമെന്നും തെറ്റ് തിരുത്തട്ടെ എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്നും ഉള്ള സത്യം പറഞ്ഞാല്‍ എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

താന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണ് വലിയ കുഴപ്പമായി പറയുന്നത്. അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് തനിക്കും സമുദായത്തിനും വലിയ ആത്മബലം നല്‍കിയത് സുകുമാരന്‍ നായരാണ്. അത് നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുഷാര്‍ അവിടെ പോകും. ഒരു ഉപാധികളുമില്ലാതെയാണ് ഐക്യം. മറ്റ് മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹികനീതിക്ക് വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്. അതില്‍ നായാടി മുതല്‍ നസ്രാണി വരെയുണ്ടാകും’, എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Scroll to Top