ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം അനുവദിച്ച് സുപ്രീകോടതി. അതിജീവിത 8 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദേശിച്ചു. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണസംഘത്തിന് തിരിച്ചടിയാകുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ സമാനമായ മറ്റ് കേസുകളേയും ബാധിക്കുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. പരാതിയില്‍ കാലതാമസം ഉണ്ടായെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ വാദമുന്നയിച്ചിരുന്നു.
2016ല്‍ നടന്ന സംഭവത്തില്‍ 2018ല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ നടി ധൈര്യം കാണിച്ചു, എന്നാല്‍ പോലീസിനെ സമീപിക്കാന്‍ എട്ടുവര്‍ഷം വേണ്ടി വന്നെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി മുന്‍പാകെയും ഇവര്‍ ഹാജരായില്ല.
തന്റെ കക്ഷി കേരളത്തില്‍ അഭിനേതാവായ മുതിര്‍ന്ന പൗരനാണ്, 2016ല്‍ നടന്ന സംഭവത്തെക്കുറിച്ച് നടി പരാതിപ്പെട്ടത് 2024ല്‍ ആണെന്നും സിദ്ദിഖിനു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു. ഓഗസ്റ്റ് 27ന് നടി പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ സിദ്ദിഖ് അവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായിരുന്നു സിദ്ദിഖ്. വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ല്യുസിസി) മുൻ ഭാരവാഹിയാണു പരാതിക്കാരി. ഈ രണ്ടു സംഘടനകളും തമ്മിൽ തമ്മിൽ ‘സംഘർഷത്തിൽ’ ആണെന്നും റോത്തഗി വാദിച്ചു. കേസില്‍ നേരത്തെ സുപ്രീം കോടതി സിദ്ദിഖിന് താല്‍കാലിക ജാമ്യം അനുവദിച്ചിരുന്നു.
നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സിദ്ദിഖ് തെളിവ് നശിപ്പിച്ചെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാദം. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫേസ്ബുക്ക് സ്കൈപ് അക്കൗണ്ടുകള്‍ സിദ്ദിഖ് ഡിലീറ്റ് ചെയ്തതും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അക്കാലത്തെ ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
പരാതി നല്‍കാന്‍ വൈകിയതെന്തെന്ന് സുപ്രീം കോടതി മുന്‍പും ചോദിച്ചിരുന്നു. സംഭവസമയത്ത് പരാതിക്കാരിക്ക് 21 വയസുമാത്രമായിരുന്നു പ്രായമെന്നും സിദ്ദിഖ് സിനിമയിലെ ശക്തനായിരുന്നു എന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. മീടു ക്യാംപെയിനിന്റെ ഭാഗമായി തന്റെ അനുഭവത്തിന്റെ ചെറിയൊരു ഭാഗം സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. പക്ഷെ കടുത്ത സൈബര്‍ ആക്രമണമാണ് അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത്. ഇക്കാരണത്താലണ് അവര്‍ നിശബ്ദയായത്. ഈ സാഹചര്യത്തില്‍ പരാതി വൈകിയത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും സുപ്രീം കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു