
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. സ്വന്തം വീഴ്ച മറയ്ക്കാനാണോ വ്യാജ കേസെന്ന് കോടതി ചോദിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പരാമര്‍ശിച്ചാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഈ കേസ് പൊലീസ് വീഴ്ച മറയ്ക്കാനാണെന്ന് കോടതി പറഞ്ഞു. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
യുഡിഎഫ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പേരാമ്പ്ര മര്‍ദനത്തില്‍ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടര്‍ നടപടികള്‍ പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ സി.ഐ അഭിലാഷ് ഡേവിഡ് ആണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. അതേസമയം, ഷാഫി പറമ്പില്‍ എംപിയുടെ ആരോപണത്തില്‍ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയത്.



