ശബരിമല സ്വര്‍ണക്കവര്‍ച്ച; ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിമാന്‍ഡില്‍; സുധീഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിനെ ത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ട് റിമാന്‍ഡ് ചെയ്തു. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷ് കുമാറിന് വ്യക്തമായ പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സ്വര്‍ണംപൊതിഞ്ഞ പാളി, ചെമ്പുപാളിയെന്ന് രേഖപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് സുധീഷ് കുമാറാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരം ഒരുക്കിയതും ഇയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ഗൂഢാലോചന മുതല്‍ സ്വര്‍ണം തട്ടിയെടുത്തത് വരെയുള്ള സംഭവങ്ങളില്‍ സുധീഷ് കുമാറിന്റെ പങ്ക് വിശദീകരിക്കുന്നതാണ് എസ്ഐടി ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സ്വര്‍ണം പൊതിഞ്ഞപാളികള്‍ തന്നെയാണ് ശബരിമലയില്‍ ഉണ്ടായിരുന്നതെന്ന് സുധീഷ്‌കുമാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും രേഖകളില്‍ അതിനെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് ബോധപൂര്‍വവും തട്ടിപ്പിന് അവസരം ഒരുക്കുന്നതിനാണെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെറ്റായ ശുപാര്‍ശക്കത്ത് തയ്യാറാക്കിയതിലൂടെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് സ്വര്‍ണപ്പാളി കൊടുത്തുവിടാനുള്ള അവസരമുണ്ടാക്കി. പാളികള്‍ അഴിച്ചെടുത്ത വേളയില്‍, തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. മഹസ്സര്‍ തയ്യാറാക്കിയ വേളയില്‍ സ്ഥലത്തില്ലാതിരുന്ന ചില ആളുകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആദ്യഘട്ടത്തില്‍ പിടിയിലായ മുരാരി ബാബു, ഉണ്ണിക്കൃഷ്ണന്‍ പോറ്റി എന്നിവരുടെ മൊഴികളില്‍ സുധീഷ്‌കുമാറിനെതിരായ പരാമര്‍ശമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട കേസിലെ മൂന്നാംപ്രതിയും ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതിയുമാണ് സുധീഷ്‌കുമാര്‍. റാന്നി കോടതി ശനിയാഴ്ച അവധിയായതിനാല്‍, പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്.

Scroll to Top