
തിരുവനന്തപുരം: ഐക്യ കേരളം യാഥാര്‍ത്ഥ്യമായി 69 വര്‍ഷം തികയുന്ന ദിവസം കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ ഒരു പുതിയ അധ്യായം പിറന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്കാരം ഈ ദിവസത്തിലാകുന്നു എന്നത് ഏറെ സന്തോഷകരവുമാണ്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണെന്നും നവകേരള സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെയാകെ സഹകരണത്തോടെയാണ് അതിദാരിദ്ര്യമെന്ന ദുരവസ്ഥയെ നാം ചെറുത്തുതോല്‍പ്പിച്ചത്. ഇതിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് ഇവിടത്തെ തദ്ദേശ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം ഒരു അദ്ഭുതമാണ്. മാതൃശിശു മരണ നിരക്കില്‍ യുഎസിനു താഴെയാണ് കേരളം. 64006 കുടുംബങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി 64005 കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാല്‍, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് ഒരു സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുന്‍പില്‍ വന്നു. ആ പ്രശ്‌നവും പരിഹരിച്ചു. അതോടെ തയ്യാറാക്കിയ വെബ്‌സൈറ്റില്‍ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയില്‍ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
”അസാധ്യമായ ഒന്നില്ല. കേരളത്തില്‍ ഇടവേളകളില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ പുരോമന സര്‍ക്കാരുകള്‍ പുതിയ കേരളം വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരള മോഡല്‍ എന്ന രീതിയില്‍ ലോകം വിശേഷിപ്പിച്ച കാര്യങ്ങള്‍ക്ക് ഇടയാക്കിയത് ഇത്തരത്തിലുള്ള ഇടപെടലുകളാണ്. സംസ്ഥാനത്ത് കഴിഞ്ഞകാലത്ത് ഉണ്ടായിരുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി അധികാരത്തില്‍ വന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റൊരു മുന്നണി അധികാരത്തില്‍ വരുന്ന പതിവും മാറി. സംസ്ഥാനത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് നവകേരള നിര്‍മിതിയുടെ സുപ്രധാന ലക്ഷ്യമായി നാം കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ല” മുഖ്യമന്ത്രി പറഞ്ഞു.



