നിമിഷപ്രിയയുടെ വധശിക്ഷ നടത്തും, അടുത്ത തീയ്യതി ഉടനെന്ന് തലാലിന്‍റെ സഹോദരന്‍

 

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താ മെഹ്ദി രം​ഗത്തെത്തിയിരിക്കുകയാണ്. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞതിനര്‍ഥം വിധി റദ്ദാക്കി എന്നല്ലെന്നാണ് തലാലിന്‍റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇപ്പോഴും വധശിക്ഷ തടഞ്ഞതിന്‍റെ ക്രെഡിറ്റ് സംബന്ധിച്ച് തര്‍ക്കം തുടരുമ്പോഴാണ് പോസ്റ്റ് പുറത്ത് വരുന്നത്.

‘ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല. സമാനമായ കേസുകളിൽ പലപ്പോഴും സംഭവിക്കാറുള്ള സ്വാഭാവികനടപടി മാത്രമാണ്. നിയമത്തെക്കുറിച്ച് അൽപ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഇത് നന്നായറിയാമെന്നുമാണ് അബ്ദുള്‍ ഫത്താ മെഹ്ദി പറഞ്ഞത്. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരുമെന്നും മെഹ്ദി പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.

വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുമെന്നാണ് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. വടക്കന്‍ യെമനിലെ പ്രാദേശിക ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം ഉണ്ടായതെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് ചര്‍ച്ച നടത്തേണ്ടത് കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നയതന്ത്ര-മധ്യസ്ഥ സംഘത്തിന് യെമെന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

മോചനചര്‍ച്ചകള്‍ക്കായി യെമെന്‍ സന്ദര്‍ശിക്കാന്‍ നയതന്ത്ര-മധ്യസ്ഥ സംഘത്തിന് അനുമതി തേടി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയത്. ഈ കത്തിന് വിദേശകാര്യമന്ത്രാലയത്തിലെ ഡയറക്ടര്‍ നല്‍കിയ മറുപടിയിലാണ് കൊല്ലപ്പെട്ട യെമെന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തേണ്ടത് നിമിഷപ്രിയയുടെ കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്നവരോ ആകണമെന്ന് പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന ചര്‍ച്ചകള്‍ തള്ളിക്കളയുന്നതാണ്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവില്‍ അഭിഭാഷകന്‍ സാമുവേല്‍ ജെറോമിന് ഒപ്പം യെമെനിലാണ്. മോചന ചര്‍ച്ചകള്‍ക്കായി പ്രേമകുമാരി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരിക്കുന്നത് സാമുവേല്‍ ജെറോമിനാണ്. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസും മകള്‍ മിഷേലും ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകനുമായ ഡോ.കെ.എ. പോളിന് ഒപ്പമാണ്. തലാലിന്റെ കുടുംബവുമായി താന്‍ ചര്‍ച്ച നടത്തി വരികയാണെന്ന് കഴിഞ്ഞ ദിവസം ഡോ.കെ.എ. പോള്‍ പറഞ്ഞിരുന്നു.

നിമിഷപ്രിയയുടെ അമ്മയുടേയോ ഭര്‍ത്താവിന്റെയോ മകളുടെയോ പിന്തുണ ഇല്ലാതെയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനിടയിലാണ് മോചന ചര്‍ച്ചകള്‍ നടത്തേണ്ടത് നിമിഷപ്രിയയുടെ കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഇപ്പോള്‍ കുടുംബമാണ് ചര്‍ച്ച നടത്തേണ്ടത് എന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ മുന്‍പ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യമന്‍ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചതാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍ന്ന് തങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ചകളില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ അവകാശം ഉണ്ടെന്നാണ് കൗണ്‍സിലിന്റെ വാദം. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം വീണ്ടും ഉന്നയിക്കുമെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍.

അതേസമയം ജൂലൈ 28ന് യമന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിനുള്ള തീരുമാനം എടുത്തതെന്നാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പറയുന്നത്.
വിവരം യമെനി പ്രതിനിധികള്‍ അറിയിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നു എന്നാൽ തുടർനടപടികളിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.”തങ്ങൾ അതിരുകടന്നില്ലെന്നും സർക്കാരിന്റെ പാത ലഘൂകരിക്കുക മാത്രമാണ് ചെയ്തതെന്നും,” അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

വടക്കൻ യെമനിൽ ഔദ്യോഗികമായി ഇടപെടുന്നതിൽ ഇന്ത്യൻ ഗവൺമെന്റിന് പരിമിതികൾ ഉണ്ടായിരുന്നു, തനിക്ക് യമൻ പണ്ഡിതരുമായുള്ള ബന്ധം ഇരയുടെ കുടുംബവുമായി സംഭാഷണം നടത്താൻ സഹായിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. യെമൻ നിയമപ്രകാരം, കൊല്ലപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് മാത്രമേ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാൾക്ക് മാപ്പ് നൽകാൻ കഴിയൂ. അവർ മാപ്പ് നൽകിയാൽ, വധശിക്ഷ ഒഴിവാക്കപ്പെടും. ദിയാധനം സ്വീകരിച്ചോ അല്ലാതെയോ മാപ്പ് നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയ തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2012ലാണ് നിമിഷപ്രിയ യമനില്‍ നഴ്സായി ജോലിക്ക് എത്തിയത്. അവിടെവെച്ച് യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങുകയും ചെയ്തു.

തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തി. 2017ലായിരുന്നു സംഭവം. നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തതോടെയാണ് രക്ഷപ്പെടാനായി മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നത്. തലാല്‍ മയക്കുമരുന്നിനടിമ ആയതുകൊണ്ട് ആദ്യം കുത്തിവെച്ച മരുന്ന് ഫലപ്രദമായില്ല, വീണ്ടും മരുന്ന് കുത്തിവെച്ചപ്പോഴുണ്ടായ ഓവര്‍ഡോസാണ് മരണ കാരണം.
മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടർ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്.

വിചാരണയ്ക്ക് ശേഷം 2018ല്‍ യമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ശ്രമങ്ങള്‍. ബ്ലഡ് മണി അഥവാ ദിയാധനം എന്നാണ് ഈ തുക അറിയപ്പെടുന്നത്. പണം സ്വീകരിക്കാന്‍ തലാലിന്റെ കുടുംബം സമ്മതം നല്‍കിയാല്‍ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും.

നീതിനിര്‍വഹണം നീണ്ടു പോയതിന്റെ പേരില്‍ തലാലിന്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു. 2024 ഡിസംബര്‍ 23നു ഹൂതി രാഷ്ട്രീയ കൗണ്‍സില്‍ പ്രസിഡന്റ് വധശിക്ഷ നടപ്പാക്കാനായി ഒപ്പുവച്ച മൂന്ന് കേസുകളില്‍ ഒന്നാണ് നിമിഷപ്രിയയുടേത്. അതില്‍ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോള്‍ ഇതുമാത്രം മാറ്റിവച്ചതിനെതിരേ തലാലിന്റെ സഹോദരന്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Scroll to Top