സ്വകാര്യബസുകളുടെ മത്സരയോട്ടം തടയാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ബസുകളുടെ മത്സരയോട്ടത്തിൽ കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മത്സര ഓട്ടത്തിനിടെ സ്വകാര്യബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൾ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ, നിയമത്തിന് മുന്നിലെത്തിച്ച് കർശനശിക്ഷ ഉറപ്പാക്കണമെന്നും ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു
എറണാകുളം ജില്ലാ പൊലീസ് മേധാവി, അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ഈ സംഭവത്തിൽ അന്വേഷണം നടത്തണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസിന് പുറമേ മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കമ്മീഷനിൽ സമർപ്പിക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അമിതവേഗത, അശ്രദ്ധ മുതലായ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ കമ്മീഷനെ അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.



