അന്വേഷണം സ്റ്റേ ചെയ്യണം, ശ്വേത മേനോൻ ഹൈക്കോടതിയിൽ

അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയിൽ. ഇന്നലെ എറണാകുളം സിജെഎം കോടതി ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമം 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. ഉച്ചകഴിഞ്ഞു കേസ് കോടതി പരിഗണിച്ചേക്കും.

ഈ മാസം 15ന് താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ശ്വേതയ്ക്കെതിരെയുള്ള കേസെന്ന സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചത്.

Scroll to Top