കായിക മന്ത്രി വി.അബ്ദുറഹിമാന്റെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. മെസിയെ ക്ഷണിക്കാനെന്ന പേരിലായിരുന്നു മന്ത്രിയുടെ സ്പെയിൻ യാത്ര. വിവരാവകാശ രേഖ അനുസരിച്ച് 2024 സെപ്തംബറിലെ യാത്രക്ക് 13 ലക്ഷമാണ് ചെലവായത് .മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. അതോടെ മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു.
അർജന്റീന ടീമിന്റെ വരവിനെ ഇത്രയുംനാൾ മന്ത്രി ന്യായീകരിച്ചിരുന്നത് സംസ്ഥാന ഖജനാവിന് ചില്ലിക്കാശ് നഷ്ടമില്ലെന്ന വാദം ഉയർത്തിയാണ്. എന്നാൽ വി.അബ്ദുറഹിമാന്റെ വാദങ്ങൾ കള്ളമെന്ന് തെളിയുകയാണ് ഇപ്പോൾ. 2024 സെപ്റ്റംബറിലാണ് കായികമന്ത്രി,കായികയുവജനകാര്യ സെക്രട്ടറി, വകുപ്പ് ഡയറക്ടർ എന്നിവർ മെസ്സിയെയും അർജന്റീന ടീമിനെയും ക്ഷണിക്കാനെന്ന പേരിൽ സ്പെയിനിലെ മാഡ്രിഡിലേക്ക് പോയത്. ഈ സന്ദർശനത്തിന് 13 ലക്ഷത്തി 4,434 രൂപ ചെലവായെന്നാണ് സർക്കാർ തന്നെ സമ്മതിക്കുന്നത്. അതായത് മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ സർക്കാർ നടത്തിയ വിദേശയാത്രയ്ക്ക് തന്നെ ലക്ഷങ്ങൾ ചെലവായി എന്നർത്ഥം.




