ജയിലിനകത്ത് ലഹരിമരുന്ന് കച്ചവടം; കൊടി സുനിയെ ജയിൽ മാറ്റും

കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളിൽ നിന്ന് ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായി ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ബ്രിട്ടോ എന്നീ തടവുപുള്ളികളാണ് നേതൃത്വം നല്‍കുന്നത്. റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തവനൂര്‍ ജയിലിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

ജയിലിനകത്തും പുറത്തും ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വില്‍പ്പനയും നടത്തുന്നുവെന്നാണ് ജയില്‍ വകുപ്പിന്‍റെ കണ്ടെത്തല്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളിയായ കിര്‍മാണി മനോജും മറ്റൊരു വധക്കേസ് പ്രതി ബ്രിട്ടോയുമാണ് കൂട്ടാളികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പടെ ലഭിക്കുന്നുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ജയില്‍വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തവനൂരിലേക്ക് മാറ്റാനുള്ള തീരുമാനം.

Scroll to Top