ആ ആറ്റംബോംബ് രാഹുൽ ​ഗാന്ധി പൊട്ടിച്ചു, ആ ഡിജിറ്റല്‍ പ്രസന്റേഷനിൽ എല്ലാമുണ്ട്

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആറ്റം ബോംബ് കൈയിലുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അത് സമയവും സന്ദർഭവും അനുസരിച്ച് കൃത്യമായി പൊട്ടിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ നിരത്തിയാണ് രാഹുല്‍ തന്റെ കൈയിലുള്ള ബോംബ് തെളിവുകൾ സഹിതം നിരത്തി പൊട്ടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു രാഹുലിന്റെ ആരോപണം. അതിനുള്ള തെളിവുകളാണ് അദ്ദേഹം പുറത്ത് വിട്ടത്.

തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുചേര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന്റെ തെളിവുകളാണ് പവര്‍ പോയന്റ് പ്രസന്റേഷൻ സഹിതം കാട്ടി വളരെ കൃത്യയതയോടെ വോട്ടെടുപ്പ് പ്രക്രിയയിലെ ക്രമക്കേട് തുറന്ന് കാട്ടിയത്. സാധാരണ വാര്‍ത്താസമ്മേളനം വിളിക്കുകയും അതില്‍ മൈക്കിന് മുന്നില്‍ ഇരുന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്. വിദേശ രാജ്യങ്ങളിലൊക്ക നേതാക്കള്‍ നടത്തുന്നതിന് സമാനമായ പ്രസന്റേഷൻ അടക്കമുള്ള വ്യത്യസ്തമായ വാര്‍ത്താസമ്മേളനമായിരുന്നു ഇത്. ആകെ വോട്ട് എത്ര, അതിലെ കൃത്രിമം എന്തൊക്കെ, ഒരേ വിലാസത്തില്‍ എത്ര പേര്‍ക്ക് വോട്ട്, വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് പൂജ്യം തുടങ്ങിയ കാര്യങ്ങൾ രേഖകളോടെ ഓരോ സ്ലൈഡുകളാക്കി ആണ് പ്രസന്റ് ചെയ്തത്. ഐ.ടി കമ്പനികളുടെയെക്കെ അവലോകന മീറ്റിങ് മാതൃകയിലാണ്, തെളിവുകൾ പെട്ടെന്ന് കാണുന്നവർക്ക് പോലും മനസിലാക്കാവുന്ന രീതിയിൽ സ്ലയിഡുകളാക്കിയത്.

രാഹുല്‍ ഉന്നയിച്ച ആരോപണത്തിനു പിന്നാലെ തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകള്‍ ഹാജരാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ നടപടികളെ രാജ്യം ഉറ്റുനോക്കുകയാണ്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപണങ്ങള്‍ തള്ളിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്തമായ രീതിയില്‍ തെളിവുകള്‍ നിരത്തിയുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ അവര്‍ ബാധ്യസ്ഥരായിരിക്കുകയാണ്.

തെളിവുകള്‍ ഒന്നൊന്നായി നിരത്തി രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനവും തുടര്‍ന്നുള്ള നീക്കങ്ങളും ഇന്ത്യ മുന്നണിയുടെ ഐക്യത്തിന്റെയും ആസൂത്രണത്തിന്റെയും മികവായി മാറിയെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാഹുല്‍ തന്റെ വസതിയില്‍ ഇന്ത്യ മുന്നണി നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കുകയും ചെയ്തു. ഈ അത്താഴ വിരുന്ന് നയതന്ത്ര ചർച്ചയുടെ വേദിയുമായി. പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ ബ്ലോക്കിലെ ഏകദേശം 50 മുതിര്‍ന്ന നേതാക്കൾ അത്താഴ നയതന്ത്ര പരിപാടിയില്‍ ഒത്തുകൂടി.
ബൂത്ത് തലത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ച് അദ്ദേഹം ഇന്ത്യ സഖ്യ നേതൃത്വത്തെ അത്താഴ നയതന്ത്ര പരിപാടിയിൽ ധരിപ്പിച്ചു. ‘ജനാധിപത്യം തകര്‍ക്കപ്പെട്ടു’ എന്ന തലക്കെട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ വിശദമായ അവതരണമായിരുന്നു അത്. അദ്ദേഹത്തിന്റെ ഈ ഡാറ്റ പ്രസന്റേഷന്‍ 25 പാര്‍ട്ടികളില്‍ നിന്നായി 50ഓളം നേതാക്കളെ കാര്യങ്ങൾ ബോധ്യമാക്കി.

ഇന്ത്യാ സഖ്യത്തിലെ ഉന്നതരെ ഒരുമിച്ച് കൊണ്ടുവന്ന അത്താഴ വിരുന്ന്‌, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് രൂപരേഖ തയ്യാറാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ബൂത്ത് തല തന്ത്രങ്ങളിലൂടെ വോട്ട് സമാഹരിക്കാനും തട്ടിപ്പുകള്‍ സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജാഗ്രത ഉണ്ടാക്കിയെടുക്കുന്നതിനും യോഗത്തില്‍ തീരുമാനങ്ങളെടുത്തുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ഓഗസ്റ്റ് 11-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനുള്ള ഇന്ത്യ മുന്നണിയുടെ തീരുമാനത്തില്‍ സമവായം കൊണ്ടുവരാനും രാഹുല്‍ ഗാന്ധിയുടെ ഡാറ്റ പ്രസന്റേഷന്‍ സഹായകരമായി എന്നാണ് വിലയിരുത്തല്‍. ഇതോടെ മാര്‍ച്ച് ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക പ്രതിഷേധമായി മാറുമെന്ന് ഉറപ്പായി. മാത്രമല്ല തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ വോട്ടര്‍ പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പ്രചാരണങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ അവസാനിക്കുന്ന യാത്രയായിരിക്കും മഹാസഖ്യം നടത്തുക. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പൊതുജന പിന്തുണ തേടുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കുകയും ബൂത്ത് തലത്തിലുള്ള മുന്നണിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യും.

അതേസമയം, തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് പ്രഹരമേറ്റതായി ബെംഗളൂരുവിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ അടിസ്ഥാനമൂല്യം എന്നത് ഒരു വ്യക്തിയുടെ വോട്ടാണ്. അത് അട്ടിമറിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്നും വോട്ടർ പട്ടികയുടെ പൂർണരൂപം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

Scroll to Top