
അര്‍ജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം സംബന്ധിച്ച വിവാദങ്ങൾ പുകയുന്നതിനിടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. ‘മെസ്സി ഈസ് മിസിങ്’ എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മെസ്സിയുടെ കാര്യത്തിൽ സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയ്ക്ക് സർക്കാർ മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മറ്റെല്ലാ സമയങ്ങളിലേതും പോലെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അവസരമായാണ് സർക്കാർ ഇതിനെ കണ്ടതെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. ജനങ്ങളെ പറഞ്ഞു പറ്റിച്ചു. കേരളത്തിലെ സർക്കാരിന്റെ വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. വ്യക്തത വരുത്താൻ പറ്റുന്നില്ലെങ്കിൽ ചെലവഴിച്ച പണം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു
സർക്കാർ യഥാർഥത്തിൽ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഇതിന് കായികമന്ത്രി ഉത്തരം പറയണം. സ്പെയിനിൽ പോകാൻ ലക്ഷങ്ങൾ ചിലവഴിച്ച മന്ത്രി സ്വന്തം പോക്കറ്റിൽ നിന്ന് ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ സമ്പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധി വ്യക്തമാക്കിയിരുന്നു. കേരള സർക്കാരാണ് കരാർ ലംഘനം നടത്തിയതെന്നാണ് എഎഫ്എയുടെ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൻ പറഞ്ഞത്. ഈ വർഷം സൗഹൃദ മത്സരങ്ങൾക്കായി അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



