
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി രംഗത്ത്. രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണെന്നും അതിന് ഗൗരവമുള്ള മറുപടിയാണ് വേണ്ടതെന്നും ശശി തരൂര്‍ എംപി പറഞ്ഞു. നിലവില്‍ ലഭിച്ച മറുപടി തികച്ചും ഔപചാരികമായാണ് തോന്നുന്നത്. തികച്ചും ന്യായമായ ആശങ്കകള്‍ക്ക് പരിഹാരം കാണുകയും പൊതുസമൂഹത്തിനു മുന്‍പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യേണ്ടതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും വിശ്വാസ്യതയും സംബന്ധിച്ച് വോട്ടര്‍മാരുടെ മനസ്സിലുണ്ടായിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണ്. അതിനു പകരം ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിയെ ആക്രമിക്കുന്നത് ശരിയല്ല. ചൂണ്ടിക്കാണിക്കപ്പെട്ട പിഴവുകള്‍ എളുപ്പത്തില്‍ പരിഹരിക്കാനും വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം ഉണ്ടാകുമെന്ന ഭയത്തിന് ശമനം നല്‍കാനും കഴിയുന്ന ഉത്തരങ്ങള്‍ നല്കാന് കഴിയണം. ഇക്കാര്യങ്ങളിലെല്ലം ഒരു യഥാര്‍ത്ഥ പ്രകിരണത്തിനു രാജ്യത്തിന് അര്‍ഹതയുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
വോട്ട് ചോരി വിഷയത്തില്‍ ഇന്‍ഡ്യ സഖ്യം എംപിമാരുടെ പ്രതിഷേധം കത്തിപ്പടരവേയാണ് ശശി തരൂര്‍ എംപിയുടെ പ്രസ്താവന. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടന്ന എംപിമാരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. മെഹുവ മൊയ്ത്ര അടക്കമുള്ള വനിതാ എംപിമാര്‍ കുഴഞ്ഞു വീഴുകയും രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.



