
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെ സംബന്ധിച്ച ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ എത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ യുഎസുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നത് ലോകം ഉറ്റുനോക്കുമ്പോഴാണ് സന്ദർശനം.
ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം 2024 ഒക്ടോബറില്‍ മുൻപ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. ചില മേഖലകളില്‍ ഇനിയും ഇത് പൂര്‍ത്തിയാകാനുണ്ട്. ഈ സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019 ന് ശേഷം ആദ്യമായാണ് മോദി ചൈനയിൽ സന്ദർശനം നടത്തുന്നത്.



