
ചരക്ക്-സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ മാറ്റത്തിന് കേന്ദ്രനീക്കം. നേരത്തേ 12% സ്ലാബ് എടുത്തുകളയുമെന്നായിരുന്നു സൂചനയെങ്കിലും ഏറ്റവും ഉയർന്ന സ്ലാബായ 28% സ്ലാബ് കൂടി ഒഴിവാക്കാനാണ് ഇപ്പോൾ നീക്കം. ജിഎസ്ടിയിൽ 2-സ്ലാബ് ഘടന മതിയെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയുമായ ജിഎസ്ടി കൗൺസിലാണെങ്കിലും 2-സ്ലാബ് ഘടനയ്ക്കായി കേന്ദ്രം ശുപാർശ ചെയ്യും.
നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. സ്റ്റാൻഡേർഡ്, മെറിറ്റ് എന്നിങ്ങനെ രണ്ടു സ്ലാബുകൾ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം. അതായത് 12%, 28% എന്നിവ ഒഴിവാക്കി 5%, 18% സ്ലാബുകൾ നിലനിർത്തും. 12% സ്ലാബിലെ നിത്യോപയോഗ സാധനങ്ങൾ/സേവനങ്ങൾ മിക്കവയും 5 ശതമാനത്തിലേക്ക് മാറ്റും. അതായത് ഇവയുടെ വില കുറയും. ജനങ്ങൾക്കും സംരംഭങ്ങൾക്കും അതു വൻ നേട്ടമാകും.
28% സ്ലാബിലെ ഉൽപന്ന/സേവനങ്ങളെ 18 ശതമാനം സ്ലാബിലേക്കും മാറ്റുന്നതോടെ, അവയുടെ വിലയും താഴുന്നത് ജനങ്ങൾക്ക് ഗുണകരമാകും. 28% സ്ലാബിലെ 90% ഉൽപന്ന/സേവനങ്ങളെയും 18 ശതമാനത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള അത്യാഡംബര ഉൽപന്ന/സേവനങ്ങളെ 40% എന്ന സ്പെഷൽ സ്ലാബ് സൃഷ്ടിച്ച് അതിലേക്കുമാറ്റുമെന്നും സൂചനകളുണ്ട്.
രാവിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടെ ജിഎസ്ടിയിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നും നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.



