ഫോണ്‍ വിളി പ്രകോപനമായി; ഭാര്യയെ കഴുത്തിന് വെട്ടി ശരീരത്തിന് രാത്രി മുഴുവന്‍ കാവലിരുന്നു; തിരുവനന്തപുരത്തെ സൈക്കോ ഭര്‍ത്താവ്; ഞെട്ടിച്ച് നേമം കൊലപാതകം

ഭാര്യയെ കഴുത്തിനു വെട്ടിയ ശേഷം ശരീരം പുതപ്പിട്ട് മൂടി രാത്രി മുഴുവന്‍ കാവലിരുന്ന ഒരു സൈക്കോ ഭര്‍ത്താവാണ് തിരുവനന്തപുരം നേമത്തെ സുനില്‍. മക്കള്‍ വീട്ടിലുള്ളപ്പോള്‍ തന്നെ മക്കളറിയാതെ ഭാര്യയുടെ കഴുത്തറുത്ത് പുതപ്പിട്ട് മൂടി. രാവിലെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് സുനില്‍ തന്നെ മക്കളെ സ്‌കൂളിലെത്തിച്ചു. ആരുമറിയാതെ നടത്തിയ അരും കൊല അയല്‍പക്കത്തെ കുട്ടി പഞ്ചസാര കടം വാങ്ങാനായി എത്തിയപ്പോഴാണ് പുറംലോകം അറിഞ്ഞത്. മക്കളെ സ്‌കൂളിലാക്കിയ ശേഷം ആളുകള്‍ വീട്ടിലെത്തുന്നത് വരെ അടുത്തൊരു ആളില്ലാത്ത വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു സുനില്‍. ഭാര്യയായ കൊല്ലപ്പെട്ട ബിന്‍സി, ആരോടോ ഫോണില്‍ സംസാരിക്കുന്നത് കണ്ടു എന്നായിരുന്നു കൊലപാതകത്തിന് പെട്ടെന്നുണ്ടായ പ്രകോപനം. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സംശയരോഗമാണ് ബിന്‍സിയുടെ ജീവനെടുത്തത്. ലോകം പോലും കണ്ടിട്ടില്ലാത്ത രണ്ടുമക്കളെ അനാഥരാക്കിയതും. സ്ഥിരമായി മദ്യപിക്കുന്ന സുനില്‍ സംശയരോഗം മൂത്ത് പ്രത്യേക തരം മാനസികാവസ്ഥയ്ക്ക് അടിമായിയിരുന്നു. അതുകൊണ്ടാണ് ഭാര്യയെ വെട്ടിക്കൊന്ന് ആ ശരീരത്തിന് പുതപ്പിട്ട് കാവലിരുന്ന് രാവിലെ ഒന്നും സംഭവിക്കാത്തത് പോലെ മക്കളെ സ്‌കൂളില്‍ വിട്ടതും ആളുകള്‍ ഓടിക്കൂടി ബിന്‍സിയെ ആശുപത്രിയിലാക്കുമ്പോള്‍ അതിനും കൂടെ നിന്നതും എല്ലാം ഈ പ്രത്യേകതരം മാനസികാവസ്ഥയുടെ ഭാഗമാണെന്ന് കാണണം. പുതിയകാലത്തിന്റെ പേരിട്ട് വിളിച്ചാല്‍ സൈക്കോ കില്ലര്‍.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് നേമം കല്ലിയൂര്‍ പുന്നമൂട് കുരുവിക്കാട് ലെയ്‌നില്‍ കുന്നത്തുവിള വീട്ടില്‍ ബിന്‍സി. ഭര്‍ത്താവ് സുനില്‍ മരം വെട്ടുന്ന കത്തി കൊണ്ട് കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു. എന്നാല്‍, പുറത്ത് നാട്ടുകാരോ വീട്ടിനകത്ത് തന്നെയുള്ള നാലിലും രണ്ടിലും പഠിക്കുന്ന ബിന്‍സിയുടെയും സുനിലിന്റെയും മക്കളോ ഈ വിവരമൊന്നും അറിഞ്ഞില്ല. ഒന്നും സംഭവിക്കാത്തത് പോലെയാണ് സുനില്‍ മക്കള്‍ക്കു മുന്നിലും നാട്ടുകാര്‍ക്ക് മുന്നിലും അഭിനയിച്ചത്. രാത്രി കഴുത്തിന് വെട്ടിയ ശേഷം ബിന്‍സിയുടെ ശരീരം പുതപ്പിട്ട് മൂടി രാത്രി മുഴുവന്‍ കാവലിരുന്നു. രാുവിലെ എണീറ്റ് വന്ന മക്കളോട് അമ്മയ്ക്ക് സുഖമില്ലെന്നും വിളിക്കേണ്ടെന്നും പറഞ്ഞ്, പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കി സ്‌കൂളില്‍ കൊണ്ടാക്കി. എന്നും മക്കളുമായെത്തുന്നത് ബിന്‍സിയായതിനാല്‍ അധ്യാപകരോടും ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ പോകാതെ സുനില്‍ ഒളിച്ചു നിന്നു.

ഇതിനിടയില്‍ ഇവരുടെ അയല്‍പക്കത്തെ ഒരു കുട്ടി രാവിലെ 9 മണിയോടെ പഞ്ചസാര കടം വാങ്ങാനെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. പുറത്തുനിന്ന് വിളിച്ചിട്ടും ആരെയും കാണാത്തതിനെ തുടര്‍ന്ന് കുട്ടി അകത്തു കയറി നോക്കിയപ്പോഴാണ് തറയില്‍ ബെഡ്ഷീറ്റ് പുതച്ച് കിടക്കുന്ന ബിന്‍സിയെ കണ്ടത്. ലൈറ്റിട്ട് പുതപ്പ് മാറ്റി നോക്കിയപ്പോള്‍ രക്തക്കറ കണ്ടതും കുട്ടി നിലവിളിച്ചു കൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞു. പിന്നീട് പൊലീസും ആംബുലന്‍സും ഒക്കെ സ്ഥലത്തെത്തുമ്പോഴാണ് പുറത്ത് മറ്റുള്ളവര്‍ പോലും സംഭവം അറിഞ്ഞത്. ഇതിനിടെ ആളുകള്‍ കൂടിയതോടെ ആശുപത്രിയിലെത്തിക്കാന്‍ സുനിലും ഒപ്പം കൂടി. ആശുപത്രിയില്‍ വച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുനിലിന് പിടിച്ചു നില്‍ക്കാനായില്ല. സംശയരോഗം മൂലം താന്‍ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് സുനില്‍ മൊഴി നല്‍കി. പൊലീസ് അറസ്റ്റും രേഖപ്പെടുത്തി.

വെള്ളനാട് വെളിയന്നൂര്‍ സ്വദേശിയായ ബിന്‍സിയും പുന്നമൂട് സ്വദേശിയായ സുനിലും നാലുവര്‍ഷം മുന്‍പാണ് കല്ലിയൂരിലെ കുരുവിക്കാട് ലെയ്‌നിലെ ഈ വീട്ടിലേക്ക് താമസം മാറി എത്തുന്നത്. അതുവരെ പുന്നമൂട്ടില്‍ തന്നെ സുനിലിന്റെ വീട്ടിലായിരുന്നു ഇരുവരും താമസം. നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. സുനിലിന് കൂലിപ്പണിയാണ്. ബിന്‍സി ഹരിത കര്‍മസേനയിലെ ജീവനക്കാരിയാണ്. നിരന്തരം മ്ദ്യപാനിയായ സുനിലിന് എന്നും ഭാര്യയെ സംശയമായിരുന്നെന്നാണ് സാക്ഷികള്‍ പറയുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുനില്‍ സംശയരോഗം മൂത്ത് ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നുണ്ട്. ബുധനാഴ്ച രാത്രി കൊല നടക്കുന്നതിനു മുന്‍പും ഇരുവരും സ്‌കൂട്ടറില്‍ ബന്ധുവീട്ടിലെത്തിയിരുന്നു. പിന്നീടെന്ത് സംഭവിച്ചു എന്നത് കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ മനസ്സിലാകൂ. രാത്രി ബിന്‍സി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിനു കാരണമായതെന്ന് സുനില്‍ മൊഴി നല്‍കിയിട്ടുമുണ്ട്.

മരംവെട്ടുന്ന കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവാണ് മരണകാരണമായത്. ഇവരുടെ മക്കളായ സനോജിനെയും സിദ്ദാര്‍ത്ഥിനെയും ബിന്‍സിയുടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. സംശയരോഗവും മദ്യപാനവും അനാഥത്വത്തിലാക്കിയ ബാല്യങ്ങളുടെ പട്ടികയിലേക്ക് അങ്ങനെ രണ്ടുപേര്‍ കൂടി ചേരുകയാണ്.

Scroll to Top