
സംവിധായകൻ നിസാർ (65) അന്തരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു. ചെറിയ ബജറ്റില്‍ വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് മുഖ്യധാര സിനിമകൾ ഒരുക്കി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു നിസാർ. സാധാരണ സീനുകളിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചും ചീറ്റിങ്ങ് ഷോട്ടുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയും വേഗത്തിൽ ചിത്രങ്ങളൊരുക്കുന്നതിൽ നിസാർ പുലർത്തിയ പ്രായോഗിക സമീപനങ്ങളും സാങ്കേതിക ജ്ഞാനവും ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പ്രസിദ്ധമാണ്.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നിസാർ സിംഗിൾ ഷോട്ട് ട്രീറ്റ്മെന്റിൽ ചെയ്‌ത ‘ടു ഡേയ്സ്’ എന്ന സിനിമ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. ‘ടു ഡെയ്‌സ്’ന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ സുദിനം, ദിലീപ്, ഇന്ദ്രൻസ് എന്നിവരുടെ ചലച്ചിത്ര ജീവിതത്തിലെ നിർണായകവിജയമായ ത്രീമെൻ ആർമി, തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തിയഞ്ചിലേറെ ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് .



