മലപ്പുറം സ്വദേശിനിയായ 11 കാരിക്കും അമീബിക് മസ്തിഷ്‌ക ജ്വരം; നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ്; നിലവില്‍ ചികിത്സയിലുള്ളത് മൂന്നുപേര്‍

കോഴിക്കോട്: കേരളത്തില്‍ ഒരാളെ കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നു വയസ്സുകാരിയെയാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ കനത്ത പനിയുമായി ആശുപത്രിയിലെത്തിയ കുട്ടിയെ രോഗലക്ഷണങ്ങള്‍ കണ്ട് സ്രവം പരിശോധിച്ചതില്‍ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ നിലവില്‍ മൂന്നുപേരാണ് രോഗം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ളത്. ഇതില്‍ ഓമശ്ശേരിയില്‍ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അന്നശ്ശേരി സ്വദേശിയായ 49 വയസ്സുള്ള മറ്റൊരാളും ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ മാസം 24ന് കുട്ടിയും ചില കുടുംബാംഗങ്ങളും വീടിനു സമീപത്തെ ഒരു തോട്ടില്‍ കുളിച്ചതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ചേളാരി പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കുട്ടിയുടെ വീടിനു പരിസരത്തെ തോടും കഴിഞ്ഞ മാസം 27 ന് കോഴിക്കോട് കണ്ണാടിക്കലില്‍ ഈ കുട്ടി എത്തിയ സ്വിമ്മിങ് പൂളിലും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ആദ്യത്തെ രണ്ടുപേര്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നത് ഇനിയും വ്യക്തമല്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയെ കിണര്‍വെള്ളത്തില്‍ മാത്രം കുളിപ്പിച്ചുവെന്ന വിവരം അടിസ്ഥാനമാക്കി കുളങ്ങള്‍ കൂടാതെ കിണറുകളിലും രോഗം വഹിക്കുന്ന അമീബയുടെ സാന്നിധ്യം ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

അതിനിടെ കഴിഞ്ഞ വ്യാഴാഴ്ച അമീബിക് രോഗബാധയെത്തുടര്‍ന്ന് മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയയുടെ (9) ഏഴു വയസ്സുള്ള ഇളയ സഹോദരന്റെ സ്രവ പരിശോധനയില്‍ കുട്ടിക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. ഈ കുട്ടിയുള്‍പ്പെടെ അനയയുടെ രണ്ടു സഹോദരന്മാരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.

Scroll to Top