
മധുര: നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ്‌നാട് വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം വലിയ രാഷ്ട്രീയ പ്രഖ്യാപനത്തിന് വേദിയായി. ടിവികെയുടെ പ്രത്യയശാസ്ത്രപരമായ ഒരേയൊരു ശത്രു ബിജെപിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം മധുരയില്‍ സമാപിച്ചത്. ഏക രാഷ്ട്രീയ ശത്രു ഡിഎംകെ ആണെന്ന് പ്രഖ്യാപിച്ച വിജയ്, അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായോ ബിജെപിയുമായോ സഖ്യത്തിനില്ലെന്നും തനിച്ച് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ആര്‍എസ്എസിന് അടിമകളാകാതെ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു.
ഇവിടെ ആധിപത്യം സ്ഥാപിക്കാന്‍ വന്ന, തടയാന്‍ കഴിയാത്ത ശക്തിയാണ് ടിവികെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെയും വയോധികരുടെയും കുട്ടികളുടെയും സുരക്ഷയാണ് ടിവികെയുടെ മുന്‍ഗണന. കര്‍ഷകര്‍, യുവാക്കള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരോട് സൗഹാര്‍ദപൂര്‍ണമായ സമീപനമായിരിക്കും ടിവികെയുടെ സര്‍ക്കാരിനുണ്ടാവുകയെന്നും വിജയ് പറഞ്ഞു.
അപ്രതീക്ഷിത പ്രഖ്യാപനം നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. മധുര ജില്ലയിലെ മറ്റ് ഒമ്പത് നിയമസഭാ മണ്ഡലങ്ങളുടെ പട്ടികയും അദ്ദേഹം വായിച്ചു. തമിഴ്നാട്ടിലുടനീളമുള്ള ഓരോ മണ്ഡലത്തിലും ടിവികെ കേഡര്‍മാര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ മത്സരിക്കുന്നുവെന്ന് അര്‍ത്ഥമാക്കണമെന്നും ടിവികെയ്ക്ക് വോട്ട് ചെയ്യുക എന്നാല്‍ വിജയ്യ്ക്ക്
വോട്ട് ചെയ്യുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.



