
കേട്ടുകേള്‍വി പോലുമില്ലാത്ത വോട്ട് കൊള്ളയെ ഒരുവിധം ബിജെപി ന്യായീകരിച്ചു വരുമ്പോഴാണ് ദേ ബി.ഗോപാലകൃഷ്ണന്റെ വക അടുത്ത പാര. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വ്യാജവോട്ട് ഉണ്ടാക്കി ചെയ്യിക്കാറുണ്ടെന്ന ബി.ഗോപാലകൃഷ്ണന്റെ തുറന്നുപറച്ചില്‍ ഒരര്‍ത്ഥത്തില്‍ മറ്റുള്ളവരെ വാനരന്‍മാരെന്ന് വിളിച്ച സുരേഷ് ഗോപിക്കുള്ള കൊട്ടാണ്. തൃശ്ശൂരില്‍ നടന്ന വോട്ട് കൊള്ളയെ പരിഹസിച്ചും ഞങ്ങള്‍ കള്ളവോട്ട് ചേര്‍ത്തത് പോലെ നിങ്ങള്‍ക്കും ചേര്‍ത്തു കൂടെ എന്ന് പറഞ്ഞുമൊക്കെ ഒരുവിധം ന്യായീകരിച്ച് വരുമ്പോഴാണ് ഗോപാലകൃഷ്ണനില്‍ നിന്ന് ഇങ്ങനെ ഒരു ‘പണി’ വരുന്നത്. ഇനിയിപ്പോള്‍ ഇതുകൂടി ന്യായീകരിക്കേണ്ട അവസ്ഥയിലാണ് ബിജെപി. പുറത്ത് നിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.
ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ലോക്‌സഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ല്‍ ബിജെപി വിജയിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റാണെങ്കില്‍ പുറത്ത് നിന്ന് ആളുകളെ എത്തിച്ച് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ തുറന്നു പറയുന്നത്. കശ്മീരില്‍ നിന്ന് പോലും ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്നും കൂടി ഗോപാലകൃഷ്ണന്‍ തുറന്നു പറയുമ്പോള്‍ അതിനെ അങ്ങനെ നിശഷ്‌കളങ്കമായി കാണാനൊക്കില്ല. ഇതോടെ തൃശ്ശൂരില്‍ കള്ളവോട്ട് കൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് എല്‍ഡിഎഫും യുഡിഎഫും ഉന്നയിച്ച ആരോപണം പൊതുമണ്ഡലത്തില്‍ വീണ്ടും സജീവമാകുകയാണ്. നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് തീരുമാനമെടുത്തതെന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയമാകുമ്പോള്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യിക്കുമോ എന്ന് തീരുമാനിക്കൂ എന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. കൊള്ളാം എത്ര നിഷ്‌കളങ്കനായ നേതാവാണ് നമ്മുടെ ഗോപാല്‍ജി.
അല്ല സാറേ ഗോപാല്‍ജീ., അങ്ങനെ ചെയ്യുന്നത് കള്ളവോട്ടല്ലേ. അതല്ലേ നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വോട്ട് കൊള്ള എന്ന് ചോദിച്ചാല്‍ ഗോപാല്‍ജി ഇങ്ങനെ മറുപടി പറയും. താത്വികമായി പറഞ്ഞാല്‍, മരിച്ച ആളുടെ പേരിലോ, ഒരാള്‍ രണ്ടു വോട്ട് ചെയ്യുന്നതോ ഒക്കെയാണ് കള്ളവോട്ട് എന്ന് പറയുന്നത്. അല്ലാതെ ഓരോ വിലാസത്തില്‍ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം. അതൊന്നും കള്ളവോട്ടല്ല. ജയിക്കാന്‍ വേണ്ടി ആരെ വേണമെങ്കിലും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം. വോട്ട് ചെയ്യിക്കാം. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ ആരുടെ പേരിലും വോട്ട് ചേര്‍ക്കും, ചെയ്യും. ഇനിയും ചെയ്യിക്കും. അതിന് നിങ്ങള്‍ക്കെന്താ എന്നൊക്കെയാണ് ബി.ഗോപാലകൃഷ്ണന്റെ ലൈന്‍. ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ടല്ലോ അതില്‍ ധാര്‍മിക പ്രശ്നമില്ലെങ്കില്‍ ഇതിലും പ്രശ്നമില്ലെന്നണ് നമ്മുടെ ഗോപാലേട്ടന്റെ താത്വികമായ അവലലോകനം.
അപ്പോള്‍ ഒരു സംശയം, ഇങ്ങനെ വോട്ട് ചേര്‍ക്കുന്നതിനെ അല്ലേ പണ്ട് കോടതി താക്കീത് ചെയ്തത്. അതായത് ഗോപാല്‍ജി. കുറച്ച് വര്‍ഷം മുന്‍പ് ഇതുപോലൊരു വോട്ട് ചേര്‍ക്കലും പേര് വെട്ടലും വെട്ടിലാക്കിയ അന്നത്തെ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി പറഞ്ഞതാണ്. അങ്ങനെ പറന്നു നടക്കുന്നവരെയും വന്നു പോകുന്നവരെയുമൊന്നും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റില്ല. പറക്കുംതളി സിനിമയില്‍ മണവാളനെ വസ്ത്രം മാറ്റി കൊണ്ട് വരുമ്പോള്‍, രൂപം മാറിയ മണവാളനെ കണ്ട് ഒരു അച്ഛന്‍ കഥാപാത്രം പറയുന്നത്, ആരാ എവന്‍, എവനെയൊ്ന്നും വണ്ടിയില്‍ കേറ്റാന്‍ ഒക്കത്തില്ലെന്ന്. എന്നു പറഞ്ഞതു പോലെ അങ്ങനെ കണ്ടവരെയൊന്നും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്ന് തന്നെ കോടതി പണ്ടേ പറഞ്ഞിട്ടുണ്ടെന്ന് കൂടി ഓര്‍മിക്കണം.
സത്യത്തില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. തൃശ്ശൂരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെ കുടുംബം അടക്കം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. സംഭവം നിഷേധിക്കാനോ സമ്മതിക്കാനോ സുരേഷ് ഗോപി തയ്യാറായിട്ടില്ലെങ്കിലും ഏതുവിധേനയും ന്യായീകരിച്ച് തടി കാക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് ഗോപാലകൃഷ്ണന്റെ ഈ സത്യം പറച്ചില്‍. ഇനിയിപ്പോ ഇതെങ്ങാനും സുരേഷ് ഗോപിക്ക് പണി കൊടുക്കാനാണോ എന്ന് സംശയി്ച്ചാലും തെറ്റൊന്നും പറയാന്‍ പറ്റില്ല. അല്ല, ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ എന്ന് പറയുന്നതു പോലെ ഒരു രാജിയും ഒരു ഉപതെരഞ്ഞെടുപ്പും ഒക്കെ വന്നാലോ, സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ലല്ലോ. അത്യാഗ്രഹവും അല്ല. ഗോപാല്‍ജിയെ സംബന്ധിച്ച് പ്രത്യേകിച്ച്.
ഇനിയിപ്പോ ഗോപാലകൃഷ്ണന്റെ വാക്കുകളോട് ബിജെപി എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. സുരേഷ് ഗോപി പിന്നെ പണ്ടേ മൗനവ്രതം ആരംഭിച്ചതു കൊണ്ട് വലിയ പ്രതീക്ഷ വേണ്ട. പിന്നെ പ്രതീക്ഷയുള്ളത് നിങ്ങള്‍ക്ക് തൂങ്ങിച്ചത്തൂടെ എന്ന് ചോദിച്ച സുരേന്ദ്രന്‍ജിയാണ്. അദ്ദേഹം ഇനി ഇക്കാര്യത്തില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് വലിയ പിടിയൊന്നുമില്ല. പിന്നെ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ്. അദ്ദേഹം പിന്നെ പണ്ടേ അതൊക്കെ സുരേഷ് ഗോപിയോട് ചോദിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇനി കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ പറഞ്ഞതിനെ എങ്ങനെ കാണുന്നു എന്ന് കാത്തിരുന്ന് തന്നെ അറിയണം. പിന്നെ സുരേഷ് ഗോപി ആരോപണം ഉന്നയിച്ചവരെ ഒക്കെ വാനരന്‍മാര്‍ എന്ന് വിളിച്ച സുരേഷ് ഗോപി ഇനി ഇതൊക്കെ സത്യമാണെന്ന് പറഞ്ഞ ഗോപാലകൃഷ്ണനെ എന്താണാവോ വിളിക്കാന്‍ പോകുന്നത്. കാത്തിരുന്ന് തന്നെ കാണണം.



