ട്രംപിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍; വിദേശനയങ്ങള്‍ പബ്ലിക് ആയി പ്രഖ്യാപിക്കുന്നു., ട്രംപ് യു.എസ് പാരമ്പര്യത്തില്‍ നിന്ന് ചുവട് മാറി.

ന്യൂഡല്‍ഹി: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസിന്റെ പാരമ്പര്യത്തില്‍ നിന്നുള്ള പ്രകടമായ ചുവടുമാറ്റമാണ് ട്രംപിന്റേതെന്നും മുന്‍പൊരിക്കലും ഒരു യുഎസ് പ്രസിഡണ്ട് വിദേശനയത്തെ ഇത്തരത്തില്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും ജയ്ശങ്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ലോക രാജ്യങ്ങളോടും സ്വന്തം രാജ്യത്തോടും ട്രംപ് പെരുമാറുന്നത് അമേരിക്കയുടെ പരമ്പരാഗത നയത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടാണ്. പല നയങ്ങളും ട്രംപ് ആദ്യം ‘പബ്ലിക്’ ആയി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട രാജ്യങ്ങളെപ്പോലും അതിനുശേഷമാണ് അറിയിക്കുന്നത്. ഇത് അസാധാരണമാണെന്നും ലോകമാകെ അത് നേരിടുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളെക്കുറിച്ചും ജയ്ശങ്കര്‍ പ്രതികരിച്ചു. ചില ‘ലക്ഷ്മണ രേഖകള്‍’ മറികടക്കാനാവില്ലെന്നും കര്‍ഷകരുടെയും ചെറുകിട സംരംഭകകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ ഇറക്കുമതിയാണ് ട്രംപ് ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. എന്നാല്‍, ഇതേ വ്യാപാരത്തിലുള്ള ചൈനയുമായി യു.എസിന് മറ്റൊരു നിലപാടാണ്. റഷ്യയുടെ എല്‍എന്‍ജി ഇപ്പോഴും ഏറ്റവുമധികം വാങ്ങുന്നത് യൂറോപ്യന്‍ യൂണിയനാണ്. അവരോടും യുഎസിന് ഈ സമീപനമല്ല ഉള്ളതെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും ലോകത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യന്‍ ഓയില്‍ വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഷ്ടമില്ലാത്തവര്‍ എണ്ണ വാങ്ങേണ്ടതില്ല. ആരും ആരെയും എണ്ണ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നില്ല. റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ എണ്ണവിലയില്‍ സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഇന്ത്യക്കുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധവിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും എത്രയുംവേഗം യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഈ മാസം ഇന്ത്യയില്‍ എത്തേണ്ടതായിരുന്നെങ്കിലും വരുന്നില്ലെന്ന് അവര്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍-നവംബറോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു ചര്‍ച്ചകളുടെ ലക്ഷ്യമെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top