
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആക്ഷേപങ്ങളില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ പാര്‍ട്ടി ഗൗരവമായി തന്നെയാണ് കാണുന്നത്. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്തുനില്‍ക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
എഫ്‌ഐആറും ചാര്‍ജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്ന് സിപിഐഎമ്മിനെ ചൂണ്ടി സണ്ണി ജോസഫ് പറഞ്ഞു. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൈകൊണ്ടത്. രാഹുലിന് നിയമസഭ കക്ഷി അംഗത്വവും ഉണ്ടാകില്ലെന്ന് സണ്ണി ജോസഫ് അറിയിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഉറപ്പായും രാജിവയ്ക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി
ഗോവിന്ദന്‍ രംഗത്തെത്തി. സിപിഐഎമ്മുമായി രാഹുലിന്റെ വിഷയം താരതമ്യം ചെയ്യേണ്ടതില്ല. കോണ്‍ഗ്രസിന് അകത്തെ ജീര്‍ണ്ണതയെ പറ്റി രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയാം. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും ജീര്‍ണമായ ഒരു അധ്യായം ഉണ്ടായിട്ടില്ലെന്നും കേരളത്തിലെ ജനങ്ങള്‍ രാഹുല്‍ രാജിവെക്കണം എന്നാണ് ആവശ്യപ്പെടുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.



