ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; ഇന്നുമാത്രം ഗാസയില്‍ കൊല്ലപ്പെട്ടത് 20 പേര്‍; ഗാസ പിടിച്ചടക്കാന്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍.

ഗാസ: ഗാസ സിറ്റി പിടിച്ചടക്കാന്‍ കടുത്ത ആക്രമണം തുടരുന്ന ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ നാസര്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടത്. അല്‍ജസീറ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അല്‍ മസ്രി, ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ മറിയം അബു ദഖ, മോവാസ് അബു താഹ, അഹ്‌മദ് അബു അസീസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിന്നിരുന്ന നാസര്‍ ആശുപത്രിയുടെ നാലാം നിലയില്‍ രണ്ടുതവണയാണ് മിസൈല്‍ പതിച്ചത്. വിഷയത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ -ഹമാസ് യുദ്ധം തുടങ്ങിയത് മുതല്‍ 244 മാധ്യമപ്രവര്‍ത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയില്‍ അല്‍ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശസ്ത യുദ്ധ റിപ്പോര്‍ട്ടറായ അല്‍ ജസീറയുടെ അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ളവരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ആദ്യഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രയേലി സൈന്യം പറഞ്ഞിരുന്നു. 60,000ത്തോളം വരുന്ന കരുതല്‍ സൈനികരെ സെപ്റ്റംബര്‍ ആരംഭത്തോടെ ഗസയില്‍ വിന്ന്യസിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാല്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഗസ സിറ്റിയില്‍ നിന്ന് തെക്കന്‍ ഗസയിലേക്ക് നീങ്ങേണ്ടിവരും. വെടിനിര്‍ത്തല്‍ ധാരണകള്‍ക്ക് തയ്യാറാകാതെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്കുമേല്‍ ക്രൂരമായ യുദ്ധം തുടരാനാണ് ഈ നീക്കത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു.

Scroll to Top