ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിറയെ പൊരുത്തക്കേട്; ബംഗ്ലാദേശികള്‍ക്കും നേപ്പാളുകാര്‍ക്കും അടക്കം വോട്ട്., മൂന്ന് ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടികയില്‍ വ്യാപക പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു ലക്ഷം പേര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകളിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ബിഹാറിലെ സമഗ്ര വോട്ടര്‍പട്ടികാ പരിഷ്‌കരണത്തിന്റെ സമയത്താണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ബംഗ്ലദേശ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിലരും ഇന്ത്യന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറില്‍ എസ്ഐആറിനായി വീടുതോറുമുള്ള സന്ദര്‍ശന വേളയില്‍, നേപ്പാള്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം ആളുകളെ ബിഎല്‍ഒമാര്‍ കണ്ടെത്തിയിട്ടുണ്ട്. ആധാര്‍, താമസ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് മുതലായവ ഉള്‍പ്പെടെ എല്ലാ രേഖകളും ഈ വ്യക്തികള്‍ക്കുണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രാദേശിക തലത്തില്‍ അന്വേഷണങ്ങള്‍ നടത്തി. ശേഷമാണ് നോട്ടിസ് അയച്ചത് എന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച വരെ, കരട് പട്ടികയില്‍ നിന്ന് പേരുകള്‍ ഉള്‍പ്പെടുത്താനോ നീക്കം ചെയ്യാനോ ആവശ്യപ്പെട്ട് ആകെ 1,95,802 അപേക്ഷകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു. ഇതില്‍ 24,991 അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കി. പുതിയ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും സംബന്ധിച്ച എത്ര അപേക്ഷകള്‍ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിപിഐ (എംഎല്‍) 79 ഹര്‍ജികള്‍ സമര്‍പ്പിച്ചു, ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) മൂന്ന് ഹര്‍ജികളാണ് സമര്‍പ്പിച്ചത്. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ ദേശീയ പാര്‍ട്ടികള്‍ ഇതുവരെ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടില്ല.

 

Scroll to Top