ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍; സൗഹാര്‍ദം ഊഷ്മളമാക്കും., സന്ദര്‍ശനം ഇന്ത്യ-ചൈന-റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ.

ബെയ്ജിംഗ്: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി ചര്‍ച്ച നടത്തും. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യചൈനറഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മോദി ചൈനീസ് മണ്ണിലെത്തുന്നത്.

ഞായറാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുക. സ്വാഗത വിരുന്നില്‍ മോദി പങ്കെടുക്കും. പ്രധാന നേതാക്കളുടെ ഉച്ചകോടി തിങ്കളാഴ്ച നടക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട്, ഉച്ചകോടി വേദിയില്‍ മോദി ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ഷി ചിന്‍പിങ്, വ്‌ലാഡിമിര്‍ പുട്ടിന്‍ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാണ്. ‘ഉച്ചകോടിയുടെ ഭാഗമായി ഏതാനും ഉഭയകക്ഷി കൂടിക്കാഴ്ചകളും ഉണ്ടാകും. കൂടിക്കാഴ്ചകള്‍ അന്തിമമായി തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ പിന്നീട് അറിയിക്കും’വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

2020-ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ഇന്ത്യചൈന ബന്ധം മോശമായിരുന്നു. ഷി ജിന്‍പിങ്ങില്‍നിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്. 2017 മുതല്‍ ഇന്ത്യ എസ്സിഒയില്‍ അംഗമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ സമീപകാലത്തെ ഏറ്റവും മികച്ച ബന്ധത്തിലാണിപ്പോള്‍. അതിര്‍ത്തി തര്‍ക്കത്തില്‍ സംഘര്‍ഷം പുകഞ്ഞിരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കമിടയില്‍ മഞ്ഞുരുകലിന്റെ ലക്ഷണം ആരംഭിച്ചത് അമേരിക്കയുടെ ഇരട്ടത്തീരുവയോടെയാണ്. അമേരിക്ക ഇന്ത്യക്കു േേമല്‍ തീരുവ ചുമത്തിയതോടെ ശത്രുവിന്റെ ശത്രു മിത്രം എന്ന ആപ്തവാക്യം കണക്കിലെടുത്ത് ഇന്ത്യ ചൈനയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തി തുടങ്ങി. ഇത് അമേരിക്കയ്ക്കും തിരിച്ചടിയായി. പക്ഷേ വസ്തുതാ പരമായി പരിശോധിച്ചാല്‍ ഇന്ത്യയുമായി ചൈന തീരുവ ഭീഷണിക്കും മുന്നേ ബന്ധമുണ്ടാക്കിത്തുടങ്ങിയിരുന്നെന്ന് മനസ്സിലാകും. അമേരിക്ക തീരുവ വര്‍ധനവ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്കു മുന്നേ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗ് ഒരു കത്തയച്ചു. ഇരുരാജ്യങ്ങളും സൗഹാദ്ദത്തിലാകേണ്ടതിന്റെയും ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ ചൈനയ്ക്കുണ്ടാക്കുന്ന പ്രതിസന്ധിയെയും കുറിച്ച് ആ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നിലും എത്തി. ഈ കത്താണ് ഇന്ത്യ-ചൈന ബന്ധം ദൃഢമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Scroll to Top