രാഹുല്‍ വിഷയത്തിലെ നിലപാട് കടകംപള്ളിയുടെ കാര്യത്തിലില്ല; ലൈംഗികാരോപണത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണമില്ലെന്ന് പൊലീസ്., പരാതിക്കാരി നേരിട്ട് പരാതി നല്‍കണം.

തിരുവനന്തപുരം: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണമില്ലെന്ന് പൊലീസ്. മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡി.ജി.പിക്ക് ലഭിച്ച പരാതി അന്വേഷണത്തിന് വിടില്ല. പരാതിക്കാരി നേരിട്ട് പരാതി നല്‍കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസും കടകംപള്ളിയുടെ കേസും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നും പൊലീസ് പറയുന്നു.

2016 മുതല്‍ 2021 വരെ മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നതുമായ യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കടകംപള്ളി സുരേന്ദ്രന്റെ ഭാഗത്തുനിന്ന് മോശമായ സംഭാഷണവും ലൈംഗിക ദുരുദ്ദേശത്തോടുകൂടിയുള്ള പെരുമാറ്റവും ഉണ്ടായെന്നായിരുന്നു സ്വര്‍ണക്കടത്ത് കേസില്‍ പ്രതി കൂടിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഒരുസമ്മേളനത്തില്‍ വെച്ച് ഫോട്ടോ എടുക്കുന്ന സമയം തന്റെ അനുവാദമില്ലാതെ കടകംപള്ളി സുരേന്ദ്രന്‍ തോളില്‍ കൈയിട്ടുവെന്നും അത് ഇഷ്ടപ്പെടാതെ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും ഫോണില്‍ ലൈംഗിക ചുവയോടെ സന്ദേശം അയക്കുമായിരുന്നുവെന്നും അവര്‍ അന്ന് വെളിപ്പെടുത്തി.

കോണ്‍ഗ്രസ് പ്രാദേശിക നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം. മുനീറാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. കടകംപള്ളിയുടെ പ്രവര്‍ത്തി അക്കാലയളവിലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നിരിക്കെ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും കടകംപള്ളിയുടേതെന്ന തരത്തില്‍ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഓഫിസിലെത്തുന്ന സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ കൈക്കലാക്കി, പിന്നീട് മോശംരീതിയില്‍ അവരെ സമീപിച്ചിരുന്നുവെന്നും ഈ ആരോപണങ്ങളില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും എം. മുനീര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

Scroll to Top